ന്യൂഡൽഹി: കരിപ്പൂർ വിമാനാപകടത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്തിമ റിപ്പോർട്ട് പാർലമെന്‍ററി സ്റ്റാൻഡിങ്ങ് കമ്മിറ്റിയ്ക്ക് മുന്നിൽ സമർപ്പിക്കുമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം. ഗതാഗതം, ടൂറിസം, സാംസ്കാരികം എന്നിവയ്ക്കായുള്ള പാർലമെന്‍ററി സ്റ്റാന്‍റിങ്ങ് കമ്മിറ്റി യോഗത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. പാനൽ യോഗത്തിൽ ചില അംഗങ്ങൾ കരിപ്പൂർ വിമാനാപകടത്തെക്കുറിച്ച് റിപ്പോർട്ട് തേടിയതായി വൃത്തങ്ങൾ അറിയിച്ചു. കൊവിഡ് ടൂറിസം മേഖലയിലും സിവിൽ ഏവിയേഷൻ മേഖലയിലും ഉണ്ടാക്കിയ ആഘാതം യോഗത്തിന്‍റെ അജണ്ടയായിരുന്നു.
ഈ മാസം ആദ്യം കരിപ്പൂർ നടന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ്-1344 വിമാന അപകടത്തെക്കുറിച്ചും അംഗങ്ങൾ ചോദ്യം ഉന്നയിച്ചു. സമിതി ചെയർമാനായ ബിജെപി എംപി ടിജി വെങ്കിടേഷ് യോഗത്തിൽ ഹാജരായില്ല. പാർട്ടി അംഗം രാജീവ് പ്രതാപ് റൂഡിയാണ് അധ്യക്ഷത വഹിച്ചത്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ആക്‌സിഡന്‍റ് എയർക്രാഫ്റ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.ഐ.ഐ.ബി) ഒരു ഉന്നത പാനൽ കമ്മിറ്റി രൂപീകരിച്ചിരുന്നു. ദുബൈയിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഓഗസ്റ്റ് 7ന് കരിപ്പൂർ വിമാനത്താവളത്തിൽ തകർന്നുവീണ് രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 18 പേർ മരിച്ചിരുന്നു.