ഇസ്ലാമാബാദ്: കറാച്ചിയിലേക്കുളള മൂന്ന് വ്യോമമാര്‍ഗങ്ങള്‍ മുന്നറിയിപ്പില്ലാതെ അടച്ചിട്ട് പാകിസ്ഥാൻ സിവില്‍ ഏവിയേഷൻ അതോറിറ്റി. ഓഗസ്റ്റ് 28 മുതല്‍ 31വരെയാണ് വ്യോമമാര്‍ഗം അടച്ചത്. ഇന്ത്യയിലേക്കുള്ള മുഴുവന്‍ വ്യോമമാര്‍ഗവും പാകിസ്ഥാൻ അടക്കുമെന്ന് സാങ്കേതിക വകുപ്പ് മന്ത്രി ഫവദ് ഹുസൈൻ ചൗദരി പറഞ്ഞിരുന്നു.
മൂന്ന് ദിവസത്തേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ കറാച്ചിയിലെ മൂന്ന് വ്യോമ മേഖലയും ഉപയോഗിക്കരുതെന്ന് കറാച്ചി എയര്‍ സ്‌പേസ് അറിയിച്ചു. വ്യോമമാര്‍ഗം അടച്ചതിന് മതിയായ കാരണം പാകിസ്ഥാന്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ അടച്ചിട്ട വ്യോമമാര്‍ഗങ്ങള്‍ക്ക് ബദല്‍ മാര്‍ഗവും അതോറിറ്റി നിര്‍ദേശിക്കുന്നുണ്ട്. അഫ്‌ഗാനിസ്ഥാനുമായുള്ള വ്യാപാരങ്ങള്‍ക്ക് പാകിസ്ഥാൻ അതിര്‍ത്തിയുപയോഗിക്കുന്നതില്‍ നിന്ന് ഇന്ത്യയെ തടയുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
പാകിസ്ഥാൻ ഫെഡറല്‍ കമ്മറ്റി ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു-കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കുന്ന പ്രശ്നങ്ങളെ തുടര്‍ന്ന് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഇസ്താംബുള്‍ മരവിപ്പിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതവും പകുതി അടച്ചനിലയിലാണ്. ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ബാലക്കോട്ട് ആക്രമണസമയത്തും പാകിസ്ഥാൻ വ്യോമമാര്‍ഗം അടച്ചിരുന്നു. പിന്നീട് ജൂലായിലാണ് തുറന്നത്.