ലഖ്‌നൗ: കാൺപൂർ ആക്രമണക്കേസിലെ മുഖ്യപ്രതിയായ കൊടും കുറ്റവാളി വികാസ് ദുബെയുടെ അനധികൃത സ്വത്തുക്കളും പണവും ഗ്യാങ്‌സ്റ്റേഴ്‌സ് ആക്‌ട് പ്രകാരം പിടിച്ചെടുക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസിനെതിരെ വെടിയുതിർത്ത 22 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഏറ്റുമുട്ടലിൽ രണ്ട് കുറ്റവാളികൾ കൊല്ലപ്പെട്ടെന്നും റെയ്‌ഡിനിടെ ഓടി രക്ഷപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്പെൻഡ് ചെയ്‌തെന്നും കാൺപൂർ ഐ.ജി മോഹിത് അഗർവാൾ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥർ പരിശോധനക്കായി കുറ്റവാളികളുടെ ഒളിത്താവളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ ഡിവൈഎസ്‌പി ദേവേന്ദ്ര മിശ്ര ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.