ന്യൂഡൽഹി: ആയുഷ് മന്ത്രാലയം നടത്തിയ വെർച്വൽ പരിപാടിയിൽ ഹിന്ദി അടിച്ചേൽപ്പിച്ച ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ മന്ത്രി ശ്രീപാദ് യെസോ നായിക്കിന് കത്തയച്ച് ഡിഎംകെ എം.പി കനിമൊഴി കരുണാനിധി. പരിപാടിയിൽ ഉദ്യോഗസ്ഥർ ഭാഷയുടെ അടിസ്ഥാനത്തിൽ പൗരന്മാർക്കിടയിൽ വിവേചനം കാണിച്ചെന്നും ഇവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കനിമൊഴി കത്തിൽ ആവശ്യപ്പെട്ടു.
ആയുഷ് മന്ത്രാലയത്തിന്‍റെ യൂണിയൻ സെക്രട്ടറി ഹിന്ദി മാതൃഭാഷ അല്ലാത്തവരോട് ഹിന്ദി മനസിലാകുന്നില്ലെങ്കിൽ വെബിനാറിൽ നിന്നും പുറത്തുപോകാൻ ആവശ്യപ്പെടുകയും തുടർന്ന് ഹിന്ദിയിൽ സംസാരം തുടരുകയായിരുന്നുവെന്നും കത്തിൽ കനിമൊഴി ചൂണ്ടിക്കാട്ടി. വാർത്താ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്‌തതാണെന്നും വീഡിയോ ദൃശ്യങ്ങളിൽ സെക്രട്ടറിയുടെ വാക്കുകൾ വ്യക്തമാണെന്നും കനിമൊഴി കത്തിൽ പറയുന്നു. മന്ത്രാലയം നടത്തുന്ന പരിപാടികളിൽ ഇംഗ്ലീഷ് ആശയവിനിമയത്തിനുള്ള ഭാഷയാക്കണമെന്നും ഹിന്ദി ഉപയോഗിക്കുന്ന സാഹചര്യമുണ്ടായാൽ ഇംഗ്ലീഷ് പരിഭാഷ നർകണമെന്നും കത്തിൽ എംപി ആവശ്യപ്പെട്ടു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ പ്രകാരം ഇംഗ്ലീഷും ഹിന്ദിയും ഔദ്യോഗിക ഭാഷകൾ ആണെന്നും കൂടാതെ 22 ഭാഷകൾ ഔദ്യോഗിക ഭാഷകളാണെന്നും കനിമൊഴി ചൂണ്ടിക്കാട്ടി.