ഭോപ്പാല്‍: വനിത നേതാവിനെതിരായ വിവാദ പരാമര്‍ശത്തെ രാഹുല്‍ ഗാന്ധി അപലപിച്ചതിന് പിന്നാലെ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ്. പരാമര്‍ശത്തിന്‍റെ സാഹചര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്ന് കമല്‍ നാഥ് പറഞ്ഞു. രാഹുല്‍ ഗാന്ധി പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണ്. ആര്‍ക്കെങ്കിലും വേദന തോന്നിയെങ്കില്‍ നേരത്തെ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. ആരേയും അപമാനിക്കാന്‍ ഒന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ എന്തിന് ഇനിയും മാപ്പ് പറയണമെന്ന് അദ്ദേഹം ചോദിച്ചു.
വയനാട്ടിലെ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി കമല്‍ നാഥിന്‍റെ പരാമര്‍ശത്തില്‍ അപലപിച്ചത്. കമല്‍ നാഥ് ഉപയോഗിച്ച ഭാഷ ഇഷ്ടപ്പെട്ടില്ലെന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം. പറഞ്ഞത് ആരാണെങ്കിലും ഇത്തരം പരാമര്‍ശത്തെ അഭിനന്ദിക്കാനാകില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഗ്വാളിയോറിലെ ദാബ്രയില്‍ നടന്ന തെരഞ്ഞെടുപ്പ് സമ്മേളനത്തിലായിരുന്നു കമല്‍ നാഥിന്‍റെ വിവാദ പരാമര്‍ശം. ബിജെപി സ്ഥാനാര്‍ഥിയായ ഇമര്‍തി ദേവിയെ 'ഐറ്റം' എന്ന് വിശേഷിപ്പിച്ചത്. പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര, ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കമല്‍ നാഥിനെതിരെ ദേശീയ വനിതാ കമ്മിഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.