ഹൈദരാബാദ്: തെലങ്കാനയിലെ ഗാന്ധി ആശുപത്രിയിൽ കൊവിഡ് വ്യാപനത്തിന് മുൻപുള്ള സേവനങ്ങൾ പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന ജൂനിയർ ഡോക്ടർമാരുടെ അസോസിയേഷന്‍റെ (ടിജെയുഡിഎ) പ്രതിഷേധം. തെലങ്കാന മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ (ഡിഎംഇ) ഓഫീസിലേക്കാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ജൂനിയർ ഡോക്ടർമാരുടെ അസോസിയേഷൻ ബുധനാഴ്ച ജോലി ബഹിഷ്കരിച്ചാണ് സമരം നടത്തിയത്. സർക്കാർ അധികാരമുള്ള ടീച്ചിങ് ആശുപത്രിയിൽ കൊവിഡിന് മുൻപുള്ള സേവനങ്ങൾ പുനഃരാരംഭിക്കണമെന്ന അപേക്ഷ ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയെങ്കിലും പരിഗണിക്കുന്നില്ല എന്നാണ് അസോസിയേഷൻ പറയുന്നത്.
ആശുപത്രിയിൽ കൊവിഡിന് മുൻപുണ്ടായിരുന്ന സേവനങ്ങൾ പുനരാരംഭിക്കുന്നതോടെ മറ്റ് അസുഖങ്ങൾ ബാധിച്ച രോഗികളെ ശ്രദ്ദിക്കാൻ കഴിയുമെന്നും പകർച്ചവ്യാധി മൂലം കഴിഞ്ഞ ഏഴു മാസമായി അനുഭവിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാർഥികളോട് നീതി പുലർത്തണമെന്നുമാണ് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. സേവനം പുനരാരംഭിക്കുകയാണെങ്കിൽ ഉടൻ തന്നെ മെഡിക്കൽ ഡ്യൂട്ടി പുനരാരംഭിക്കുമെന്നും അസോസിയേഷൻ പറഞ്ഞു.