ന്യൂഡൽഹി: ജെഎൻയു അക്രമവുമായി ബന്ധപ്പെട്ട് 49 പേർക്ക് നോട്ടീസ് അയച്ചതായി ഡെൽഹി പൊലീസ് ക്രൈംബ്രാഞ്ച്. ടിവി ന്യൂസ് ചാനൽ നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ പങ്കെടുത്ത അക്ഷത് അവസ്ഥി, രോഹിത് ഷാ എന്നിവരും നോട്ടീസ് ലഭിച്ചവരിൽ ഉൾപ്പെടുന്നു.
ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർഥികളായ ഇരുവരോടും അന്വേഷണത്തിൽ സഹകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ടുപേരും സമ്മതമറിയിച്ചെങ്കിലും പിന്നീട് ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു. തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്‌തു. അക്ഷത് അവസ്ഥി ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയും രോഹിത് ഷാ ഡെൽഹിയിലെ മുനിർക്കയിൽ താമസിക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു.
ഇവർക്കു പുറമെ, സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വീഡിയോ ദൃശ്യങ്ങളിലുള്ള ചെക്ക് ഷർട്ടും ഇളം നീല സ്കാർഫും മുഖംമൂടിയും ധരിച്ച് കയ്യിൽ വടിയുമായി കണ്ട വ്യക്തി കോമൾ ശർമയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ദൗലത് റാം കോളജിലെ വിദ്യാർഥിയായ ശർമക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ ശനിയാഴ്ച രാത്രി മുതൽ കോമൾ ശർമയുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
അതേസമയം സെർവർ റൂം നശിപ്പിച്ച സ്ഥിതിയിലായതിനാൽ തെളിവുകൾ ശേഖരിക്കാൻ സ്ഥലം സന്ദർശിച്ച ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘത്തിന് ഡാറ്റ വീണ്ടെടുക്കാൻ കഴിഞ്ഞില്ല. സെർവറിൽ നിന്ന് ഡാറ്റ വീണ്ടെടുക്കുന്നതിനായി എഫ്എസ്എൽ സംഘം തിങ്കളാഴ്ച ക്യാമ്പസ് സന്ദർശിക്കുമെന്ന് പൊലീസ് അറയിച്ചു.
അന്വേഷണത്തിന്‍റെ ഭാഗമായി ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷിനും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ ഐഷി ഘോഷിൽ നിന്നും പ്രതികണമൊന്നും ലഭിച്ചിട്ടില്ല. ജെഎൻയു ക്യാമ്പസിൽ നടന്ന അക്രമങ്ങൾക്ക് പിന്നിൽ വാട്‌സ്ആപ്പ് ഗ്രൂപ്പിന്‍റെ ഭാഗമായിരുന്ന 60 പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അവരിൽ 37 പേരെ തിരിച്ചറിയുകയും നോട്ടീസ് അയക്കുകയും ചെയ്‌തിട്ടുണ്ട്.