ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി അടുത്ത അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ പ്രഖ്യാപിച്ചു. ജൂലൈ 31 നകം പരീക്ഷ പൂർത്തിയാക്കാനുള്ള സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. അക്കാദമിക് കലണ്ടറിന് ഏകകണ്ഠമായി അംഗീകാരം ലഭിച്ചതായി ജെഎൻയു വൈസ് ചാൻസലർ എം ജഗദേശ് കുമാർ പറഞ്ഞു.
ജൂൺ 25 നും 30 നും ഇടയിൽ വിദ്യാർഥികൾ ജെഎൻയു കാമ്പസിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിലൂടെ വിദ്യാർഥികൾക്ക് അവശേഷിക്കുന്ന അക്കാദമിക് ഘടകങ്ങളും പരീക്ഷകളും പൂർത്തിയാക്കാൻ കഴിയും. ജൂലൈ 31 നകം പരീക്ഷകൾ പൂർത്തിയാക്കുമെന്നും വൈസ് ചാൻസലർ പറഞ്ഞു.
വിദ്യാർഥികളുടെ അടുത്ത സെമസ്റ്റർ ഓഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കും. ജൂലൈ 31 നകം പരീക്ഷാ ഫലങ്ങൾ തയ്യാറായില്ലെന്നും വിദ്യാർഥികൾക്ക് താൽക്കാലികമായി രജിസ്റ്റർ ചെയ്ത് അടുത്ത സെമസ്റ്ററിലേക്ക് പോകാൻ അവസരമുണ്ട്. മൺസൂൺ സെമസ്റ്റർ രജിസ്ട്രേഷൻ മുഴുവനായും ഓൺലൈൻ വഴിയാണെന്നും അദ്ദേഹം പറഞ്ഞു.
ഗവേഷണ വിദ്യാർഥികൾക്ക് പ്രബന്ധങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. താൽക്കാലികമായാണ് അക്കാദമിക് കലണ്ടർ പുറത്ത് വിട്ടതെന്നും ലോക്ക് ഡൗൺ നീട്ടുന്നത് കണക്കിലെടുത്ത് യുജിസിയിൽ നിന്ന് ലഭിക്കുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ആശ്രയിച്ചാവും തീരുമാനങ്ങളെന്നും വിസി കൂട്ടിച്ചേർത്തു.