റാഞ്ചി: ജെഎംഎം മുതിർന്ന നേതാവ് ശങ്കർ റാവാനിയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡിലെ വസതിയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. വെടിവെച്ച ശേഷം കുത്തി കൊലപ്പെടുത്തിയ നിലയിലാണ് ശങ്കർ റാവാനിയുടെയും (50) ഭാര്യ ബാലികാദേവിയുടെയും മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് രാം കുമാർ പറഞ്ഞു. പ്രതികൾ ഉപയോഗിച്ചെന്ന് കരുതുന്ന ഒൻപത് എംഎം പിസ്റ്റളും കത്തിയും വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ കിടപ്പുമുറിയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ മുറ്റത്തേക്ക് വലിച്ചിഴച്ച് കൊണ്ട് വന്നതായി കണ്ടെത്തി. സിന്ധ്രി ഡിഎസ്പി എസ് കെ സിൻഹയും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. പൊലീസ് നായയെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. മുൻവൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
തന്‍റെ ജീവന് ഭീഷണി ഉള്ളതായി കൊല്ലപ്പെട്ട ശങ്കർ റാവാനി പൊലീസിനോട് പറഞ്ഞിരുന്നതായി ജെഎംഎം നേതാവ് മദൻ റാം പറഞ്ഞു. 2017 ൽ ങ്കർ റാവാനിയുടെ മകനും കൊല്ലപ്പെട്ടിരുന്നു. റെയിൻബോ ഗ്രൂപ്പിന്‍റെ ചെയർമാൻ ധീരൻ റവാനിയാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണങ്ങളുണ്ട്.