റാഞ്ചി: ചുവന്ന രക്‌താണുക്കളുടെ അഭാവം മൂലമുണ്ടാകുന്ന അനീമിയ രോഗത്തില്‍ നിന്ന് മുക്തി നേടുകയാണ് ജാര്‍ഖണ്ഡിലെ ഖുൻതി ജില്ലയിലെ ആദിവാസികൾ. തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 70 കിലോമീറ്ററുകൾ അകലെ തോര്‍പ്പ ബസാറില്‍ നിന്നും ടാര്‍ ചെയ്യാത്ത റോഡിലേക്ക് വാഹനം കടന്നതോടെ യാത്ര ദുസ്സഹമായി തുടങ്ങി. ഗർഭിണികളെ പോലും ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ഉപയോഗിക്കുന്നത് ഈ പാതയാണെന്നറിഞ്ഞപ്പോൾ ഗ്രാമത്തിലെ ജനങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതിലും അധികമായിരുന്നു.
പ്രായമായ ഒരാളുടെ ചുമലിലെ നെല്ല് ചാക്കിന്‍റെ ഭാരം കാണുമ്പോൾ നമ്മുടെ ഓരോരുത്തരുടെയും വീട്ടിലെത്തുന്ന അരിയുടെ പ്രാധാന്യത്തെക്കുറിച്ച് നമ്മൾ ഓർത്തുപോകും. യാത്രക്കൊടുവില്‍ എല്ലാ പ്രയാസങ്ങളും മറികടന്നു കൊണ്ട് തോര്‍പ്പയിലെ ഉകാരിമാരി പഞ്ചായത്തിലെ ബുദ്ദു ഗ്രാമത്തില്‍ എത്തിയപ്പോള്‍ കണ്ടത് ഗ്രാമീണ സ്ത്രീകളുടെ മുഖത്തെ വിടര്‍ന്ന പുഞ്ചിരിയാണ്. അതോടെ ഞങ്ങളുടെ യാത്രാ ക്ഷീണമെല്ലാം അപ്രത്യക്ഷമായി.
ഇരുമ്പിന്‍റെ കുറവ് മൂലമുണ്ടാകുന്ന അനീമിയ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ ഇരുമ്പു കൊണ്ടു നിർമിച്ച പാത്രങ്ങളായിരുന്നു അവർ കണ്ടെത്തിയ പ്രതിവിധി. ഈ മാറ്റത്തിന് പിന്നിൽ ട്രാൻസ്‌ഫോം റൂറൾ ഇന്ത്യ എന്ന എൻജിഒയാണ് പ്രവർത്തിച്ചത്. ഗ്രാമത്തിലെ സ്‌ത്രീകളിൽ അവബോധം സൃഷ്‌ടിക്കുന്നതിനായി സാമൂഹിക അവബോധമുള്ള ഗ്രാമീണ സ്‌ത്രീകളെ തെരഞ്ഞെടുക്കുകയും അവർക്ക് പരിവർത്തൻ ദീതി എന്ന് നാമകരണം നടത്തുകയും ചെയ്‌തു. തുടർന്ന് സമീപ ഗ്രാമങ്ങളിലെ അടക്കമുള്ള സ്‌ത്രീകളുടെ ജീവിതത്തെ മാറ്റിയെടുക്കാനായി പരിവർത്തൻ ദീതിമാരിലൂടെ എൻജിഒക്ക് കഴിഞ്ഞു.
പരിവർത്തൻ ദീതിമാർ വ്യത്യസ്‌ത ഗ്രാമങ്ങൾ സന്ദർശിക്കുകയും അനീമിയ രോഗത്തെക്കുറിച്ച് ജനങ്ങളിൽ ബോധവത്കരണം നടത്തുകയും ചെയ്യുന്നു. ഇരുമ്പ് പാത്രങ്ങളിൽ പച്ചക്കറികൾ അടക്കമുള്ളവ പാചകം ചെയ്യുന്നതിലൂടെ രക്തത്തിലെ ഇരുമ്പിന്‍റെ അംശത്തെ വർധിപ്പിക്കാമെന്ന് പറഞ്ഞുകൊടുക്കും. ഇന്ന് ഇരുമ്പ് പാത്രങ്ങളിൽ പാകം ചെയ്യുന്ന ഭക്ഷണങ്ങൾ തോർപ്പ ഗ്രാമത്തിലെ സ്‌ത്രീകൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. അലുമിനിയം പാത്രങ്ങൾ ഉപേക്ഷിച്ചും ഇരുമ്പിന്‍റെ അംശം കൂടുതലുള്ള ചീര കഴിക്കുന്നതിലൂടെയും അനീമിയ രോഗത്തിൽ നിന്ന് മുക്തരാകാമെന്ന് ഗ്രാമവാസികൾ മനസിലാക്കി കഴിഞ്ഞു.