ശ്രീനഗർ: കുൽഗാം ജില്ലയിൽ ഇന്ത്യൻ സൈനികനെ കാണാതായി. രംഭാമാ പ്രദേശത്ത് നിന്ന് സൈനികന്‍റെ കാർ കത്തിച്ച നിലയിൽ കണ്ടെത്തി. തീവ്രവാദികൾ ഇദ്ദേഹത്തെ തട്ടിക്കൊണ്ട് പോയതാകാമെന്ന് അധികൃതർ അറിയിച്ചു. ഷോപ്പിയാൻ സ്വദേശിയായ പ്രാദേശിക ആർമിയിലെ ഷക്കീർ മൻസൂർ വാഗെയെ ഞായറാഴ്ച രാത്രിയാണ് കാണാതായത്. ഈദിന്‍റെ ഭാഗമായി ഷക്കീർ അവധിയിലായിരുന്നു. തട്ടിക്കൊണ്ടുപോയ സൈനികനെ മോചിപ്പിക്കണമെന്ന് കുടുംബം അഭ്യർഥിച്ചു. മകനെ വിട്ടയക്കണമെന്ന് അഭ്യർഥിക്കുന്നതായും അവനോട് രാജിവെക്കാൻ ആവശ്യപ്പെടുമെന്നും ഷക്കീറിന്‍റെ പിതാവ് മൻസൂർ അഹമ്മദ് വാഗെ പറഞ്ഞു. ഷക്കീറിന് നാല് സഹോദരിമാരും പ്രായമായ മാതാപിതാക്കളുമുണ്ട്. ബലാപോരായിലെ സൈനിക ക്യാമ്പിൽ ചേരാനിരിക്കെയാണ് സംഭവം നടന്നതെന്ന് ബന്ധുവായ താരിഖ് അഹമ്മദ് പറഞ്ഞു
കാണാതായ സൈനികനെ കണ്ടെത്തുന്നതിനായി കുൽഗാമിൽ വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. ഇതിനുമുമ്പും ഡ്യൂട്ടിയിൽ അല്ലാത്ത സൈനികരെ തീവ്രവാദികൾ തട്ടിക്കൊണ്ട് പോയിരുന്നു. 2017 മെയ് ഒമ്പതിന് ഷോപിയാനിൽ നിന്ന് ഏകദേശം ആറ് തീവ്രവാദികളാണ് ലെഫ്റ്റനന്‍റ് ഉമ്മർ ഫയാസിനെ തട്ടിക്കൊണ്ടുപോയത്. അടുത്ത ദിവസം രാവിലെ ഷോപിയാനിലെ ഹെർമൻ പ്രദേശത്ത് നിന്ന് ഇദ്ദേഹത്തിന്‍റെ മൃതദേഹം വെടിയേറ്റ നിലയിൽ കണ്ടെത്തി.