സിംല: ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഹിമാചല്‍ സ്വദേശിയായ സൈനികന്‍ അങ്കുഷ് താക്കൂറിന്‍റെ മരണവാര്‍ത്തയെത്തിയതോടെ കണ്ണീരില്‍ കുതിര്‍ന്ന് ജന്മദേശമായ കരോഹ്‌ത ഗ്രാമം. ഹാമിര്‍പൂരില്‍ നിന്നുള്ള 21 കാരനായ അങ്കുഷ് താക്കൂര്‍ ശിപായിയായി പഞ്ചാബ് റെജിമെന്‍റില്‍ 2018ലാണ് ജോലിയില്‍ പ്രവേശിക്കുന്നത്. അങ്കുഷിന്‍റെ അച്ഛനും മുത്തശ്ശനും സൈന്യത്തില്‍ സേവനമനുഷ്‌ഠിച്ചിരുന്നവരാണ്. അങ്കുഷിന്‍റെ അനിയന്‍ ആറാം ക്ലാസ് വിദ്യാർഥിയാണ് .
ആര്‍മി ഹെഡ്ക്വാര്‍ട്ടേഴസില്‍ നിന്നും ജവാന്‍റെ മരണ വാര്‍ത്ത കരോഹ്‌ത ഗ്രാമ പഞ്ചായത്തിലാണ് വിളിച്ചറിയിച്ചത്. തുടര്‍ന്ന് ചൈനക്കെതിരെ പ്രതിഷേധവുമായി ഗ്രാമവാസികളും മുദ്രാവാക്യം ഉയര്‍ത്തി. മരണവാര്‍ത്തയറിഞ്ഞതോടെ അങ്കുഷിന്‍റെ വസതിയില്‍ നിരവധി പേരാണ് എത്തിയത്. മൃതദേഹം സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഗാല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്‌ച രാത്രിയുണ്ടായ ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്.