ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ഥികളോട് വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് ജാമിയ മിലിയ സര്‍വകലാശാല. കേന്ദ്രം ലോക്ക് ഡൗണില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് വിദ്യാര്‍ഥികളോട് വീടുകളിലേക്ക് തിരിച്ച് പോകാൻ സര്‍വകലാശാല നിര്‍ദേശം നല്‍കിയത്. സംസ്ഥാന സർക്കാരുകളുടെ ഗതാഗത, യാത്രാ പ്രോട്ടോക്കോളുകൾ അനുസരിച്ച് ഹോസ്റ്റലുകളിൽ നിന്ന് മടങ്ങി പോകാനാണ് നിര്‍ദേശം.
സര്‍വകലാശാല ഹോസ്റ്റലിന്‍റെ പരിസര പ്രദേശം ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിക്കുകയും അടച്ചിടുകയും ചെയ്‌തു. അതിനാല്‍ വിദ്യാര്‍ഥികൾക്ക് ഹോസ്റ്റല്‍ സൗകര്യങ്ങൾ തുടര്‍ന്നും നല്‍കുന്നതില്‍ ബുദ്ധിമുട്ടാണ്ടാവുമെന്നും സര്‍വകലാശാല ചൂണ്ടിക്കാട്ടി. കൊവിഡ് പശ്ചാത്തലത്തില്‍ സർവകലാശാല അടച്ചിട്ടിരിക്കുകയാണ്. ക്ലാസുകൾ ഓഗസ്റ്റില്‍ പുനരാരംഭിക്കും. പുതിയ അക്കാദമിക് സെഷൻ സെപ്റ്റംബർ മുതൽ ആരംഭിക്കും. 2020 ജൂലൈയിൽ നടക്കാനിരുന്ന പരീക്ഷാക്രമം യഥാസമയം അറിയിക്കുമെന്നും സർവകലാശാല അറിയിച്ചു. പരീക്ഷകൾക്കും ഗവേഷണങ്ങൾക്കുമുള്ള റിസോഴ്‌സ് മെറ്റീരിയലുകൾ ഓൺലൈനിൽ ആക്‌സസ് ചെയ്യാനാകുമെന്നും സര്‍വകലാശാല പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.