ഹൈദരാബാദ്: 'ക്വിഡ് പ്രോ ക്വോ' നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ട സാഹചര്യത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി സമര്‍പ്പിച്ച ഹര്‍ജി പ്രത്യേക സിബിഐ കോടതി തള്ളി. ജഗന്‍റെ അച്ഛന്‍ വൈ.എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന 2004 - 2009 കാലഘട്ടത്തില്‍ ജഗന്‍റെ പേരിലുള്ള കമ്പനിയില്‍ വിവിധ ആളുകള്‍ നടത്തിയ നിക്ഷേപങ്ങളില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്. കേസിന്‍റെ എല്ലാ വാദങ്ങളിലും ജഗന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
മുഖ്യമന്ത്രിയായതിനാല്‍ നിരവധി തിരക്കുകളുണ്ട്. അതിനാല്‍ തുടര്‍ച്ചയായി കോടതിയില്‍ വരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ജഗന്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ജഗന്‍റെ ആവശ്യത്തെ അന്വേഷണസംഘം ശക്‌തമായി എതിര്‍ത്തു. ഇതോടെയാണ് കോടതി ജഗന്‍റെ ആവശ്യം തള്ളിയത്.
കേസില്‍ 2012ല്‍ അറസ്‌റ്റിലായ ജഗന്‍ 15 മാസത്തോളം ജയിലിലായിരുന്നു. തുടര്‍ന്ന് ജാമ്യം അനുവധിച്ചപ്പോള്‍ കേസിലെ സാക്ഷികളെ കാണരുതെന്നും എല്ലാ കോടതി നടപടികളിലും നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതുവരെ 11 ചാര്‍ജ് ഷീറ്റുകളാണ് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്.