അമരാവതി: ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
2014ല്‍ വിഭജനം നടക്കുമ്പോള്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും 14ആം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം പ്രത്യേക പദവി നല്‍കിയില്ല. ഇത് ആന്ധ്രയോടുള്ള കടുത്ത അനീതിയാണ്. എന്നാല്‍ ഇത്തവണത്തെ ധനകാര്യ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ കൈകളിലാണെന്നും കത്തില്‍ പറയുന്നു.
അതേസമയം കേന്ദ്രസര്‍ക്കാരിന്‍റെ പൊതുബജറ്റിനെ പ്രശംസിക്കുകയും റെഡ്ഡി ചെയ്യുന്നുണ്ട്. സമ്പദ് വ്യവസ്ഥ മന്ദഗതിയിലായ സാഹചര്യത്തില്‍ ബജറ്റ് ആശ്വാസകരവും ആവേശം നല്‍കുന്നതുമാണെന്നാണ് കത്തില്‍ പറയുന്നത്. എങ്കിലും ആന്ധ്രക്ക് പിന്തുണ നല്‍കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളൊന്നും ഇല്ലാത്തതിന്‍റെ ദുഖവും അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്.
കേന്ദ്ര ബജറ്റ് അവതരണ സമയത്ത് പാർലമെന്‍റില്‍ അവതരിപ്പിച്ച പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ റിപ്പോർട്ടിൽ ഉള്‍പ്പെട്ടിരിക്കുന്ന ഒരു പ്രസ്താവനയുടെ വെളിച്ചത്തിലാണ് നിങ്ങളുടെ മാർഗനിർദേശവും പിന്തുണയും തേടുന്നതിനായി ഈ കത്തെഴുതുന്നതെന്നും റെഡ്ഡി പറയുന്നു. പ്രത്യേക സംസ്ഥാന പദവി അനുവദിക്കുന്നത് ധനകാര്യ കമ്മിഷന്‍ പരിധിയില്‍ വരുന്നതല്ലെന്നുള്ള നിലപാടും ധനമന്ത്രാലയത്തിന്‍റെ നിലപാടും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും റെഡ്ഡി കത്തില്‍ സൂചിപ്പിക്കുന്നു. ഇക്കാര്യത്തില്‍ ഉചിതമായ ഇടപെടല്‍ നടത്താനും ആവശ്യമുണ്ട്.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കിയാല്‍ ബിജെപിക്ക് പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ ജഗന്‍ മഹന്‍ റെഡ്ഡി നരേന്ദ്രമോദിക്കും ബിജെപിക്കും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇനിയും പ്രത്യേക പദവി നല്‍കാത്തതില്‍ റെഡ്ഡിക്ക് മുറുമുറുപ്പ് ഉണ്ട്. ബിജെപി അത്തരത്തിലൊരു തീരുമാനമെടുത്താന്‍ ആന്ധ്രാപ്രദേശിന്‍റെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിക്കുമെന്നും അഭിപ്രായമുണ്ട്. അധികാരത്തിലെത്തിയാല്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന് കോണ്‍ഗ്രസും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തിരുന്നു.