ശ്രീനഗർ: കഴിഞ്ഞ 18 മണിക്കൂറിനുള്ളിൽ എട്ട് തീവ്രവാദികളെ ജമ്മു കശ്മീർ പൊലീസ് വധിച്ചതായി ജിഒസി വിക്ടർ ഫോഴ്‌സ് മേജർ ജനറൽ എ സെൻഗുപ്ത. ഒരു തീവ്രവാദി കീഴടങ്ങി. രാഷ്ട്രീയ റൈഫിൾസുമായുള്ള സംയുക്ത ഓപ്പറേഷൻ ആയിരുന്നു. വളരെ കൃത്യമായ രഹസ്യാന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ നടന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരെ പാകിസ്ഥാൻ റിക്രൂട്ട് ചെയ്തതായാണ് സൂചന.തീവ്രവാദ സംഘടനകളിൽ നേതൃത്വ പ്രതിസന്ധിയുണ്ടെന്നും യുവാക്കളെ റിക്രൂട്ട് ചെയ്യാൻ അവർ തീവ്രശ്രമത്തിലാണെന്നും മേജർ കൂട്ടിച്ചേർത്തു.
ഭീകരസംഘടനകളിൽ നേതൃത്വ പ്രതിസന്ധിയുണ്ട്, അതിനാൽ തീവ്രവാദ സംഭവങ്ങളുടെ എണ്ണം വളരെ കുറവാണ്. ദക്ഷിണ കശ്മീരിൽ നിന്ന് ഈ വർഷം 80ഓളം യുവാക്കളെ റിക്രൂട്ട് ചെയ്തതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. രാഷ്ട്രീയ റൈഫിൾസിന്‍റെ കമാൻഡിങ് ഓഫീസർ ബ്രിഗേഡിയർ അജയ് കറ്റോച്ച് എല്ലാ പുതിയ തീവ്രവാദികളോടും കീഴടങ്ങണമെന്ന് അഭ്യർഥിക്കുകയും സാധാരണ ജീവിതം നയിക്കാൻ സഹായം ഉറപ്പ് നൽകുകയും ചെയ്തു.