ശ്രീനഗർ: 74-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ആരോഗ്യ പ്രവർത്തകർക്ക് 25 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്യുന്ന 50 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമേയാണ് 25 ലക്ഷം രൂപ. ആരോഗ്യ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഒരു കോടി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാനുള്ള പദ്ധതി ജമ്മു കശ്മീർ ഭരണകൂടം ഉറപ്പാക്കുമെന്നും സിൻഹ പറഞ്ഞു.
സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗത്തെയും അദ്ദേഹം അനുസ്മരിച്ചു. 2019ലെ ഭരണഘടനാ മാറ്റം ജമ്മു കശ്മീരിനെ വികസനത്തിന്‍റെ പുതിയ കാലഘട്ടത്തിലേക്ക് നയിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം പുതിയ പാർപ്പിട നിയമവും സംവരണ നയവും നടപ്പാക്കുമെന്നും പശ്ചിമ പാക്കിസ്ഥാൻ അഭയാർഥികൾ, പഹാരി സംസാരിക്കുന്ന ആളുകൾ എന്നിവർക്ക് തുല്യതയും നീതിയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിഗേഡിയർ രജീന്ദർ സിംഗ്, ബ്രിഗേഡിയർ ഉസ്മാൻ തുടങ്ങിയ ധീരർക്കായി ഈ സ്ഥലം എന്നും ഓർമിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഗീത മിത്തൽ, ഹൈക്കോടതി ജഡ്ജിമാർ, ലെഫ്റ്റനന്റ് ഗവർണറുടെ ഉപദേഷ്ടാക്കൾ, പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.