ശ്രീനഗർ: ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്‌തിയുടെ വീട്ടുതടങ്കല്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. പൊതു സുരക്ഷാ നിയമം പ്രകാരമാണ് ജമ്മു കശ്‌മീർ ഭരണകൂടം മുഫ്‌തിയുടെ തടവ് കാലാവധി നീട്ടിയത്. മുൻ മുഖ്യമന്ത്രിയുടെ തടവ് കാലാവധി ഓഗസ്റ്റ് അഞ്ചിന് തീരാനിരിക്കെയാണ് വീണ്ടും മൂന്ന് മാസത്തേക്ക് കൂടി തടങ്കൽ കാലാവധി നീട്ടിയത്.
കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് മെഹബൂബ അടക്കമുള്ള കശ്‌മീരിലെ നിരവധി രാഷ്‌ട്രീയ നേതാക്കന്മാർ കരുതൽ തടങ്കലിലായിരുന്നു. കശ്‌മീരിലെ മുതിർന്ന നേതാക്കന്മാരായ ഫാറൂഖ് അബ്‌ദുള്ള, മകൻ ഒമർ അബ്‌ദുള്ള ഉൾപ്പെടെയുള്ള മറ്റ് മുഖ്യധാര രാഷ്ട്രീയക്കാരെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചിരുന്നു. മെഹബൂബയുടെ വീട്ടുതടങ്കല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മകളായ ഇൽതിജ മുഫ്‌തി ഹേബിയസ് കോർപ്പസുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.