ശ്രീനഗർ: പുൽവാമയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ വെടിവെയ്‌പിൽ കൊല്ലപ്പെട്ടത് ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദി ആസാദ് ലാൽഹാരിയാണെന്ന് തിരിച്ചറിഞ്ഞു. ജമ്മു കശ്മീർ പൊലീസിന്‍റെ പ്രത്യേക രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്. പുൽവാമയിലെ കമ്രാസിപോറയ്ക്കടുത്തുള്ള തോട്ടങ്ങളിലാണ് ഇരുകൂട്ടരും തമ്മിൽ വെടിവെയ്‌പുണ്ടായത്.
തീവ്രവാദികളുമായുണ്ടായ വെടിവെയ്‌പ്പിൽ ഒരു ആർമി ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ജൗൻപൂർ സ്വദേശിയായ സോവർ ജിലാജിത് സിങ് യാദവെന്ന ആർമി ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് പ്രതിരോധ വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു. തീവ്രവാദിയുടെ പക്കൽ നിന്ന് എകെ 47, ഗ്രനേഡും മറ്റ് ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു.
പുൽവാമയിലെ ലെൽഹാർ ഗ്രാമത്തിലാണ് ആസാദ് ലാൽഹാരി താമസിച്ചിരുന്നത്. പൊലീസ് കോൺസ്റ്റബിൾ ആയിരുന്ന അനൂപ് സിങ്ങിന്‍റെ കൊലപാതകത്തിലും ഇയാൾക്ക് പങ്കുണ്ട്. തീവ്രവാദവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളിൽ ആറ് എഫ്ഐആർ ഇയാൾക്കെതിരെ ഉണ്ടെന്നും ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിങ് പറഞ്ഞു. ഹിസ്ബുൾ മുജാഹിദീൻ പ്രവർത്തകനായതിനെ തുടർന്ന് ലാൽഹാരിയെ പിഎസ്എ നിയമം പ്രകാരം മുമ്പ് തടങ്കലിൽ വച്ചിരുന്നു. തടവിൽ നിന്നും പുറത്ത് ഇറങ്ങിയതിന് ശേഷം വീണ്ടും ഗ്രൂപ്പിലെ സജീവ പ്രവർത്തകനാകുകയായിരുന്നു.