ജയ്‌പൂർ: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഇന്‍റർ സർവീസസ് ഇന്‍റലിജൻസുമായി (ഐഎസ്ഐ) ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്‌തു. തീവ്രവാദ വിരുദ്ധ സ്ക്വാഡി(എടിഎസ്)ന്‍റെയും പ്രത്യേക ദൗത്യ സേന (എസ്ഒജി)യുടെയും വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജസ്ഥാൻ പൊലീസ് ഐഎസ്ഐയുടെ ചാരവൃത്തി ചെയ്‌തിരുന്ന മുസ്താഖിനെ പിടികൂടിയത്. 6.5 കോടി രൂപയുടെ വ്യാജ കറൻസികൾ കടത്തിയതിന് മുസ്താഖിന്‍റെ പിതാവ് ഖട്ടു ഖാനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മൂന്ന് കോടി രൂപയുടെ ലഹരി വസ്‌തുക്കളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
ഇന്ത്യൻ കരസേനാ താവളങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ഐഎസ്ഐക്ക് മുസ്താഖ് കൈമാറിയിരുന്നതായാണ് സൂചന. പാകിസ്ഥാനിലുള്ള ഐഎസ്ഐ പ്രതിനിധികളുമായി പ്രതി അതിർത്തി പ്രദേശങ്ങളുടെ ചിത്രങ്ങളും സൈനിക വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇ- മെയിൽ വഴിയാണ് വിവരങ്ങൾ കൈമാറിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ഒരു വർഷമായി രാജസ്ഥാൻ എടിഎസ് ഇയാളെ നിരീക്ഷിച്ചു വരികയാണ്. പ്രതിക്ക് അഞ്ച് ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നതായും ഇയാൾ പലപ്പോഴായി പാകിസ്ഥാൻ സന്ദർശിച്ചിരുന്നതായും പൊലീസ് അറിയിച്ചു. മുസ്താഖിന്‍റെ ഫേസ്‌ബുക്ക് സുഹൃത്തുക്കളിൽ നിരവധി പാകിസ്ഥാനികൾ ഉൾപ്പെടുന്നതായും പൊലീസ് വ്യക്തമാക്കി. രാജ്യത്തിന്‍റെ പടിഞ്ഞാറൻ മേഖലയിൽ സുരക്ഷ ശക്തമാക്കി.