സഹകരണ ബാങ്കുകളിലെ കുംഭകോണങ്ങള്‍ അവസാനിപ്പിക്കുന്നതിനും അവയയിൽ ഭരണ പരിഷ്‌കാരം കൊണ്ടു വരുന്നതിനുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ കൈ എടുക്കണമെന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍. ഗാന്ധി കമ്മിറ്റി നിര്‍ദേശിക്കുകയുണ്ടായി. പക്ഷെ ഇപ്പോഴും പ്രശ്‌നത്തിന്മേല്‍ നടപടി എടുക്കുവാന്‍ പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം പഞ്ചാബ്- മഹാരാഷ്ട്ര സഹകരണ ബാങ്കില്‍ (പി എം സി) 11614 കോടി രൂപയുടെ സാമ്പത്തിക കുംഭകോണം പുറത്തു വന്നത് രാജ്യത്തെ ഞെട്ടിക്കുകയുണ്ടായി. ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒമ്പത് ലക്ഷം ഉപഭോക്താക്കളുടെ നിക്ഷേപങ്ങളാണ് ഈ ബാങ്ക് കുംഭകോണത്തില്‍ ഉള്‍പ്പെട്ടത്. സഹകരണ ബാങ്കിങ്ങ് മേഖലയിലെ ജനങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കുന്നതിനു വേണ്ടി ഈയിടെ കേന്ദ്ര സര്‍ക്കാര്‍ ബാങ്കിങ്ങ് റഗുലേഷന്‍ (ഭേദഗതി) ബില്ല് പാര്‍ലിമെന്‍റില്‍ അവതരിപ്പിക്കുകയുണ്ടായി.
രാജ്യത്തുടനീളമുള്ള 1482 അര്‍ബന്‍ ബാങ്കുകളിലും, മറ്റ് 58 ബഹു സംസ്ഥാന സഹകരണ ബാങ്കുകളിലുമായി 8.6 കോടി നിക്ഷേപകരാണുള്ളത്. ഏതാണ്ട് 5 ലക്ഷം കോടി രൂപയോളം വരും സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന മൊത്തം പണം!. 277 അര്‍ബന്‍ സഹകരണ ബാങ്കുകളുടെ അവസ്ഥ ദുര്‍ബലമാണെന്നും, 105 ബാങ്കുകളിൽ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കൊണ്ടുള്ള ഏറ്റവും ചുരുങ്ങിയ മുതല്‍ മുടക്ക് ലക്ഷ്യം പോലും കൈവരിക്കാനാകാതെ 15 ശതമാനത്തിലധികം മൊത്ത നിര്‍ജ്ജീവ ആസ്തി കുന്നു കൂടിയിരിക്കുകയാണെന്നും ധനകാര്യ മന്ത്രി പറയുകയുണ്ടായി. സഹകരണ ബാങ്കുകളിലെ നടപടികളില്‍ പ്രൊഫഷണലിസം വര്‍ദ്ധിപ്പിക്കുന്നതിനും മൂലധന സമാഹരണത്തിനായി പുതിയ വഴികള്‍ തുറക്കുന്നതിനും മാനേജ്‌മെന്‍റ് മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഒക്കെ ശ്രമിക്കുന്ന സര്‍ക്കാര്‍ അവയെ റിസര്‍വ് ബാങ്ക് നിരീക്ഷിക്കുന്നതിനുള്ള വഴി തുറന്നു. സഹകരണ സ്വയംഭരണാവകാശവും, ഒരു മെമ്പര്‍ക്ക് ഒരു വോട്ട് എന്ന നിലയില്‍ തുല്യ വോട്ടവകാശവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത് തങ്ങള്‍ക്ക് സംതൃപ്തി നല്‍കിയെന്ന് മഹാരാഷ്ട്രയിലേയും മറ്റിടങ്ങളിലേയും ഫെഡറേഷനുകള്‍ പ്രഖ്യാപിക്കുകയുണ്ടായി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിനു കീഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്നുള്ള ശുഭാപ്തി വിശ്വാസം യാഥാർഥ്യത്തിന് ഏറെ അകലെയാണ്. സാമ്പത്തികമായി ഞെരുങ്ങുകയും കുംഭകോണത്തില്‍ അമരുകയും ചെയ്ത പിഎംസി ബാങ്കിനെ റിസര്‍വ് ബാങ്കിന്‍റെ മേല്‍നോട്ടത്തിനു കീഴിലാക്കി ഒരു വര്‍ഷം കഴിഞ്ഞപ്പോഴും നിക്ഷേപകരുടെ അവസ്ഥ കൂടുതല്‍ വഷളാവുകയാണ് ചെയ്തത്. എരി തീയില്‍ നിന്നും വറചട്ടിയിലേക്ക് വീണു എന്ന സ്ഥിതിയിലാണ് അവര്‍ ഇപ്പോള്‍ ഉള്ളത്.
യഥാര്‍ത്ഥത്തില്‍ ആര്‍ബിഐ എംപ്ലോയീസ് സഹകരണ സംഘങ്ങളുടെ 200 കോടിയോളം രൂപ സഹകരണ ബാങ്കുകളില്‍ കുടുങ്ങി കിടക്കുകയാണ്. ഈ സ്ഥിതി ഗതികള്‍ എങ്ങിനെ നേരെയാക്കി എടുക്കും എന്നത് സംബന്ധിച്ച് തികഞ്ഞ ആശയക്കുഴപ്പങ്ങളാണ് ഉള്ളത്. 1935ലാണ് ആര്‍ബിഐ നിലവില്‍ വരുന്നത്. 1947ല്‍ രാജ്യം സ്വതന്ത്രമായപ്പോഴേക്കും നൂറു കണക്കിന് ബാങ്കുകള്‍ തങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായി സഹായത്തിനായി അഭ്യർഥിക്കാന്‍ ആരംഭിച്ചു. 1947നും 1969നും ഇടയിലായി 665 ബാങ്കുകളും തുടര്‍ന്ന് 2019 വരെയുള്ള കാലഘട്ടത്തില്‍ 37 ബാങ്കുകളും തകരുകയുണ്ടായി എന്ന് കണക്കുകള്‍ കാട്ടി തരുന്നു. തങ്ങളുടെ സമ്പൂര്‍ണ്ണ നിരീക്ഷണവും നിയന്ത്രണ അധികാരങ്ങളും ഒക്കെ ഉണ്ടായിട്ടും ബാങ്കുകള്‍ തകരുന്നത് തടയുവാന്‍ ആര്‍ബിഐക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതിന് ധാരാളം തെളിവുകളുണ്ട്. പ്രതിസന്ധിയില്‍ അകപെട്ടു പോയ സഹകരണ ബാങ്കുകളെ സാമ്പത്തികമായി നല്ല നിലയിലുള്ള പൊതു മേഖലാ ബാങ്കുകളുമായി ലയിപ്പിക്കുന്ന ആര്‍ബിഐ അതുവഴി തങ്ങളുടെ ഉത്തരവാദിത്തം കൈയ്യൊഴിയുകയും പൊതു മേഖലാ ബാങ്കുകളില്‍ കുംഭകോണങ്ങള്‍ ഉണ്ടാവുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കുകയുമാണ് ചെയ്യുന്നത്. ബാങ്കിങ്ങ് മേഖലയിലെ നിര്‍ജ്ജീവ ആസ്തികളെ കുറിച്ച് പരാമർശിക്കുമ്പോള്‍ (2018 മാര്‍ച്ച് അവസാനിക്കുമ്പോള്‍ അത് 9.61 ലക്ഷം കോടി രൂപയായിരുന്നു), സിഎജി രാജീവ് മഹര്‍ഷിയുടെ ചോദ്യം ഇതായിരുന്നു, “ഈ പ്രതിസന്ധിക്ക് ഉത്തരവാദി ആര്‍ബിഐ ആണോ അല്ലയോ?'' ഈ ചോദ്യം വലിയ കോലാഹലമാണ് സൃഷ്ടിച്ചത്. ബാങ്കിങ്ങ് മേഖലയിലെ വന്‍കിട തട്ടിപ്പുകള്‍ ചൂണ്ടി കാട്ടി കൊണ്ട് ഓഡിറ്റര്‍ ജനറല്‍ ശശികാന്ത് ശര്‍മ്മ പറഞ്ഞത് രണ്ട് വര്‍ഷം മുന്‍പ് തന്നെ ആര്‍ ബി ഐ ഒരു സി എ ജി ഓഡിറ്റ് നടത്തേണ്ടതായിരുന്നു എന്നാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ബാങ്കുകളെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ നല്‍കിയത് മൂന്നര ലക്ഷം കോടി രൂപയാണ്! ഗുരുതരമായ കുംഭകോണങ്ങള്‍ കണ്ടു പിടിക്കുവാന്‍ ബാങ്കുകള്‍ അഞ്ച് വര്‍ഷത്തോളമെടുക്കുന്നു എന്നുള്ളത് ആര്‍ ബി ഐ യുടെ “പ്രൊഫഷണല്‍ മികവിന്‍റെയും നിരീക്ഷണ പാടവത്തിന്‍റെയും'' പ്രതിഫലനമാണ്! ആര്‍ബിഐ തന്നെ സ്വയം കടുത്ത പരിഷ്‌കാരങ്ങള്‍ക്ക് മുന്‍ കൈ എടുക്കേണ്ടതിന്‍റെ ആവശ്യകത മുൻ കാലത്തേക്കാളൊക്കെ ഇന്ന് ഏറെയാണ്!.