ഛത്തീസ്‌ഗഢ്: വായു മലിനീകരണം തടയാന്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് വെര്‍ട്ടിക്കല്‍ പൂന്തോട്ടങ്ങള്‍ നിര്‍മിച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ റോഹിത് മേത്ത. ലുധിയാനയിലെ 'ഗ്രീന്‍ മാന്‍' എന്നാണ് റോഹിത് മേത്ത അറിയപ്പെടുന്നത്. 70 ടണ്‍ പ്ലാസ്റ്റിക് കുപ്പികളാണ് പൂന്തോട്ടങ്ങള്‍ നിര്‍മിക്കാന്‍ മേത്ത ശേഖരിച്ചത്. ലുധിയാനയിലെ പൊതുയിടങ്ങളില്‍ അഞ്ഞൂറോളം പൂന്തോട്ടങ്ങളാണ് ഇത്തരത്തില്‍ നിര്‍മിച്ചിരിക്കുന്നത്. വെര്‍ട്ടില്‍ പൂന്തോട്ടമിരിക്കുന്ന പ്രദേശത്ത് 75 ശതമാനത്തോളം വായു മലിനീകരണം കുറഞ്ഞതായി പഞ്ചാബ് കാര്‍ഷിക സര്‍വകലാശാല വിദഗ്‌ധര്‍ കണ്ടെത്തിയിട്ടുണ്ട്.
നാല് വര്‍ഷം മുന്‍പ് വായു മലിനീകരണത്തെ തുടര്‍ന്ന് സ്‌കൂളുകളില്‍ അവധി പ്രഖ്യാപിക്കുന്ന സ്ഥിതിയായിരുന്നു. നമ്മുടെ കുട്ടികള്‍ക്ക് ശുദ്ധ വായു നല്‍കാന്‍ നമുക്ക് സാധിക്കില്ലെയെന്ന ചോദ്യത്തില്‍ നിന്നാണ് വെര്‍ട്ടിക്കല്‍ പൂന്തോട്ടമെന്ന ആശയമുണ്ടായത്. പിന്നീട് സ്‌കൂളുകള്‍, കോളജുകള്‍, ആരാധനാലയങ്ങള്‍, പൊലീസ് സ്റ്റേഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പൂന്തോട്ടങ്ങള്‍ നിര്‍മിച്ചു. ഇത് വായു മലിനീകരണം കുറയ്‌ക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹാര്‍ദമായി പ്ലാസിക് വസ്തുക്കള്‍ പുനരുപയോഗിക്കാനും സഹായകമായി. ചെലവില്ലാതെ പരമാവധി സ്ഥലം ഉപയോഗിച്ച് പൂന്തോട്ടങ്ങള്‍ ഒരുക്കാം. വീടുകളിലും ഇത്തരത്തില്‍ പൂന്തോട്ടങ്ങള്‍ ഉണ്ടാക്കാനുള്ള പ്രചോദനം കൂടിയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കാണിച്ചു തരുന്നതെന്നും റോഹിത് മേത്ത പറഞ്ഞു.