മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. 54 വയസായിരുന്നു. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദത്തിന് ചികിത്സയിലായിരുന്ന ഇർഫാൻ ഖാനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2018ല്‍ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് സജീവമായത്. അംഗ്രേസി മീഡിയമാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ദ ലഞ്ച് ബോക്സ്, പാൻ സിംഗ് തോമർ, തല്‍വാർ, ഹിന്ദി മീഡിയം, ഫേവറേറ്റ്, ദ ഡേ, മുംബൈ മേരി ജാൻ, ലൈഫ് ഇൻ എ മെട്രോ, പീകു, ഖരീബ് ഖരീബ് സിംഗിൾ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. സ്ലം ഡോഗ് മില്യണയർ, അമൈസിങ് സ്‌പൈഡർമാൻ, ദ നെയിം സേക്ക്, ന്യൂയോർക്ക് ഐ ലവ്യൂ, ജുറാസിക് വേൾഡ്, ഇൻഫേർനോ, ലൈഫ് ഓഫ് പൈ എന്നീ ബോളിവുഡ് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.
പാൻ സിംഗ് തോമർ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചു. 2011ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് താരത്തിന്‍റെ മാതാവ് സയ്യീദ ബീഗം അന്തരിച്ചത്. ലോക്ക്‌ഡൗണിനെ തുടർന്ന് മുംബൈയിലായിരുന്ന ഇർഫാന് മാതാവിന്‍റെ അന്ത്യകർമ്മങ്ങളില്‍ പങ്കെടുക്കാൻ ജയ്‌പൂരില്‍ എത്താൻ സാധിച്ചിരുന്നില്ല.