ബെംഗളുരു: വിവാഹമോചിതനായ ഐപിഎസ് ഉദ്യോഗസ്ഥൻ മുൻ ഭാര്യയുടെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. മക്കളെ കാണണമെന്ന ആവശ്യവുമായാണ് ഇയാൾ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ മുൻ ഭാര്യയുടെ വസതിക്ക് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തിയത്. സംഭവത്തിൽ ഇയാൾക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ പൊലീസിനെ സമീപിച്ചു.
കലബുരഗി ആഭ്യന്തര സുരക്ഷാ വിഭാഗത്തിൽ പൊലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന അരുൺ രംഗരാജൻ മുൻ ഭാര്യ ഇലക്കിയ കരുണഗരന്‍റെ വസന്ത് നഗറിലെ വസതിയിൽ ഞായറാഴ്ച വൈകിട്ടോടെയാണ് എത്തിയത്. തന്നെ മക്കളെ കാണാൻ അനുവദിക്കണമെന്നും അല്ലാത്തപക്ഷം നടപടി ഇനിയും തുടരുമെന്നും അരുൺ രംഗരാജൻ പറഞ്ഞു.