ന്യൂഡല്‍ഹി: ഐഎൻഎക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. സിബിഐ അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്.
ചിദംബരം ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും അതിനാല്‍ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു സിബിഐയുടെ പ്രധാന വാദം. എന്നാല്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയായതാണെന്ന് കപില്‍ സിബല്‍ എതിര്‍വാദമുന്നയിച്ചു.
വാദത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍
കേസില്‍ ആദ്യം വാദം നടന്നത് സിബിഐയുടേതായിരുന്നു. പി ചിദംബരം പദവി ദുരുപയോഗം ചെയ്‌തെന്ന് സിബിഐ കോടതിയില്‍ വാദിച്ചു. ചോദ്യം ചെയ്യലിന് അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ കേസിലെ മറ്റ് വിവരങ്ങളും വ്യക്തമാകൂ എന്ന് സിബിഐക്ക് വേണ്ടി ഹാജരായ എസ്‍ജി വാദിച്ചു. ഇന്ദ്രാണി മുഖർജിയുമായി പണമിടപാട് നടത്തിയതിനെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടെന്ന് സിബിഐ വ്യക്തമാക്കി. ഈ വാദത്തിന് പിന്‍ബലമായി കേസ് ഡയറിയുള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കി.
വാദം നടക്കുന്നതിനിടെ, തനിയ്ക്ക് നേരിട്ട് വാദിക്കണമെന്ന് അഭിഭാഷകൻ കൂടിയായ ചിദംബരം ആവശ്യപ്പെട്ടു. സിബിഐക്ക് വേണ്ടി വാദിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഈ വാദത്തെ എതിർത്തു. അതേ സമയം കോടതിയില്‍ സംസാരിക്കാന്‍ ചിദംബരത്തിന് അവസരം നല്‍കി.
സിബിഐ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്ന് ചിദംബരം കോടതിയില്‍ പറഞ്ഞു. അന്വേഷണത്തോട് പൂർണമായും സഹകരിച്ചിരുന്നു. വിദേശത്തേക്ക് പോകില്ലെന്ന് സിബിഐക്ക് എഴുതി നല്‍കിയിരുന്നു. തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് ചിദംബരം ആവര്‍ത്തിച്ചു.
ജാമ്യമില്ലാ വാറണ്ട് ചിദംബരത്തിന് മേൽ ചുമത്തിയിരുന്നു. ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നുവെന്നും എസ്‍ജി കോടതിയിൽ വാദിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട ഒരു കേസിനും ചിദംബരം ഉത്തരം നല്‍കിയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. കൂട്ടു പ്രതികളോടൊപ്പം ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. ഓരോ രേഖകളും വിശദമായി പരിശോധിക്കേണ്ടതിനാല്‍ ഒരു ദിവസത്തെ കസ്റ്റഡി മതിയാകില്ല.
കപില്‍ സിബലിന്‍റെ വാദങ്ങള്‍
ഇന്ദ്രാണി മുഖർജി കൊലക്കേസ് പ്രതിയാണ്. അതും സ്വന്തം മകളെ കൊന്നയാള്‍. ആ കേസില്‍ പല തവണ മൊഴി മാറ്റുകയും ചെയ്തു. ഇങ്ങനെയുള്ളയാളെ ആരെങ്കിലും വിശ്വസിക്കുമോ എന്നായിരുന്നു കബില്‍ സിബലിന്‍റെ വാദം.
പണം ഐഎൻഎക്സ് മീഡിയയിൽ നിന്നോ ഇന്ദ്രാണി മുഖർജിയിൽ നിന്നോ വാങ്ങിയെന്നതിന് തെളിവുണ്ടോ? ഉണ്ടെങ്കില്‍ തെളിവുകള്‍ ഹാജരാക്കാത്തതെന്താണ്? കേസിൽ കരട് കുറ്റപത്രം തയ്യാറാക്കിയെങ്കിൽ ഇപ്പോഴെന്തിനാണ് കസ്റ്റഡിയെന്നും കപില്‍ സിബല്‍ വാദിച്ചു.
ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഇന്നലെ രാത്രി ചിദംബരത്തിന്‍റെ ഡല്‍ഹിയിലെ ജോര്‍ബര്‍ഗിലുള്ള വസതയിലെത്തിയാണ് സിബിഐ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. കീഴടങ്ങാന്‍ വിസമ്മതിച്ചതിനാല്‍ പൊലീസ് സഹായത്തോടെയായിരുന്നു അറസ്റ്റ്. ചിദംബരത്തെ അന്വേഷണ സംഘം സിബിഐ ആസ്ഥാനത്തേക്കാണ് കൊണ്ടു പോയത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.
ഡല്‍ഹി പൊലീസന്‍റെ അമ്പതംഗ സംഘവും സിബിഐയുടെ 20അംഗ സംഘവും എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരും ചിദംബരത്തെ അറസ്റ്റ് ചെയ്യാനെത്തിയിരുന്നു. ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കേ, സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ കമ്പനിയായ ഐഎൻഎക്സ് മീഡിയക്ക് വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്. 2017 മേയ് 15നാണു സിബിഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ചു കഴിഞ്ഞ വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുക്കുകയായിരുന്നു. ചിദംബരത്തിന്‍റെ മകൻ കാർത്തി ചിംദബരവും കേസിൽ അന്വേഷണം നേരിടുകയാണ്.