പുല്‍വാമ: ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുടെ കശ്മീരിലെ തലവന്‍ സക്കീര്‍ മൂസയുടെ വധത്തെ തുടര്‍ന്ന് പ്രദേശത്തെ ഇന്‍റര്‍നെറ്റ് സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു.
സംഭവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും പോസ്റ്റുകളും പ്രചരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ നീക്കമെന്ന് അധികൃതർ അറിയിച്ചു. കശ്മീരില്‍ സ്കൂളുകളും കോളജുകളും ഒരു ദിവസത്തേക്ക് അടച്ചിട്ടു.
പുല്‍വാമയിലെ ത്രാലില്‍ തീവ്രവാദികള്‍ ഉണ്ടെന്ന രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ സൈന്യവും സിആര്‍പിഎഫും പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപറേഷനിലൂടെയാണ് സക്കീര്‍ മൂസയടക്കം അഞ്ച് പേരെ വധിച്ചത്. ഇവര്‍ ഒളിവില്‍ താമസിച്ച പ്രദേശത്ത് നിന്നും ഒരു എകെ 47 റൈഫിലും റോക്കറ്റ് ലോന്‍ജറും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ച പുല്‍വാമയിലെ സിആര്‍പിഎഫ് പോസ്റ്റിന് നേരെ തീവ്രവാദികള്‍ ഗ്രനേഡ് ഉതിര്‍ത്തിരുന്നു.