ചെന്നൈ: ഇറാനില്‍ കുടുങ്ങിയ 687 ഇന്ത്യക്കാരുമായി ഐഎന്‍എസ് ജലാശ്വ തമിഴ്‌നാട്ടിലെത്തി. ഓപ്പറേഷന്‍ സമുദ്ര സേതുവിന്‍റെ ഭാഗമായി ഇറാനിലെ ബന്ദാര്‍ അബ്ബാസില്‍ നിന്നാണ് ഇന്ത്യക്കാരെ തൂത്തുക്കുടി ഹാര്‍ബറിലെത്തിച്ചത്. ലോക്ക് ഡൗണില്‍ ഇറാനില്‍ കുടുങ്ങിയ തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി എന്നീ തീരദേശ ജില്ലകളിലെ മീന്‍പിടിത്തക്കാരെയാണ് തിരികെയെത്തിച്ചത്. ബുധനാഴ്‌ചയാണ് ബന്ദന്‍ അബ്ബാസ് തുറമുഖത്ത് ഐഎന്‍എസ് ജലാശ്വ എത്തിയതെന്ന് നേവി അറിയിച്ചു. ജൂണ്‍ 11 ന് ഐഎന്‍എസ് ശര്‍ദുള്‍ ഇറാനില്‍ നിന്നും 233 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചിരുന്നു.
വന്ദേഭാരത് മിഷന്‍റെ കീഴില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി മെയ് 8നാണ് ഓപ്പറേഷന്‍ സമുദ്ര സേതു പ്രവര്‍ത്തനമാരംഭിച്ചത്. മാലിദ്വീപിലും ശ്രീലങ്കയിലും കുടുങ്ങിയ 2874 പേരെ ഇതിനോടകം ഐഎന്‍എസ് ജലാശ്വയും, ഐഎന്‍എസ് മഗറും തിരികെയെത്തിച്ചിരുന്നു. കൊച്ചിയിലും തൂത്തുക്കുടിയിലുമായാണ് ആളുകളെ എത്തിച്ചത്. മാലിദ്വീപില്‍ നിന്നും ജൂണ്‍ 23 ന് ഐഎന്‍എസ് ഐരാവത് 198 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചിരുന്നു.