ഹൈദരാബാദ്: തെലങ്കാന സർക്കാരിന്‍റെ കീഴില്‍ കൊവിഡ് ചികിത്സ നടത്തുന്ന ആശുപത്രിക്ക് എതിരെ ആരോപണം. ഒസ്മാനിയ ജനറല്‍ ആശുപത്രിയില്‍ മരക്കൊമ്പുകൾ സലൈൻ സ്റ്റാൻഡായി ഉപയോഗിക്കുന്നതായി ആരോപണം. ഇതിന്‍റെ ദൃശ്യങ്ങൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഖുലി ഖുതുബ് ഷാ കെട്ടിടത്തിന്‍റെ നാലാം നിലയിലെ വാർഡിലാണ് സംഭവം. ചികിത്സയിലുള്ള രോഗികൾക്ക് ഡ്രിപ്പ് ഇടുന്ന സ്റ്റാൻഡിന് പകരം മരക്കൊമ്പുകൾ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കട്ടിലിനോട് ചേർത്ത് കെട്ടിയിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എന്നാല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഉപകരണങ്ങൾ ലഭ്യമാണെന്നും പുതിയ കെട്ടിടത്തിലേക്ക് സലൈൻ സ്റ്റാഡുകൾ മാറ്റിയിട്ടില്ലെന്നും ഉടൻ മാറ്റുമെന്നും സൂപ്രണ്ട് അറിയിച്ചു. കനത്ത മഴയില്‍ ആശുപത്രിയില്‍ വെള്ളം കയറിയതിനെ തുടർന്നാണ് കെട്ടിടത്തില്‍ താത്ക്കാലികമായി വാർഡ് നിർമിച്ചതെന്നും അദ്ദേഹം അറിയിച്ചു.