ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന മുന്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. ഇന്‍ഡോറിലെ അമിതേഷ് പട്ടേരിയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാക്കുതര്‍ക്കത്തിനൊടുവില്‍ തലയണ ഉപയോഗിച്ച് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മരണം പാമ്പുകടിയേറ്റാണെന്ന് വരുത്തി തീര്‍ക്കാന്‍ കുടുംബാംഗങ്ങളുടെ സഹായത്തോടെ ഭാര്യയുടെ ശരീരത്തില്‍ പാമ്പുകടിയേറ്റ പാടുകൾ ഉണ്ടാക്കുകയും ചെയ്തു. ഡിസംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ടിവി സീരിയലില്‍ നിന്നാണ് ഈ ആശയം ലഭിച്ചതെന്ന് അയാൾ പൊലീസില്‍ മൊഴി നല്കി.
അമിതേഷിന് പുറമെ സഹോദരിയെയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തെ പൊലീസ് പരിശോധനയില്‍ യുവതിയുടെ ഇടതുകൈയ്ക്ക് പരിക്കേറ്റ അടയാളങ്ങൾ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി രാജസ്ഥാനിൽ നിന്നും അമിതേഷ് ഒരു രാജവെമ്പാലയെ വാങ്ങിയതായും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. കൊലക്ക് ശേഷം അയാൾ പാമ്പിനെ കൊന്ന് മൃതദേഹത്തിന്റെ സമീപം കൊണ്ടിടുകയായിരുന്നു. പാമ്പിനെ കൊന്നതിന് വന്യജീവി സംരക്ഷണ നിയമപ്രകാരവും അമിതേഷിനെതിരെ കേസെടുത്തിട്ടുണ്ട്.