ന്യൂഡൽഹി: കൊവിഡ് -19 തടയുന്നതിനുള്ള കേന്ദ്രത്തിന്‍റെ ശ്രമങ്ങളെ സഹായിക്കുന്നതിന്‍റെ ഭാഗമായി 30 ലധികം വിമാനങ്ങൾ “സൗജന്യമായി” പ്രവർത്തിപ്പിക്കാൻ ഒരുങ്ങി ബജറ്റ് എയർലൈനായ ഇൻഡിഗോ. ഇതനുസരിച്ച്, ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുമായി കാര്‍ഗോ സര്‍വീസ് നടത്താൻ വിമാനക്കമ്പനിയെ സർക്കാർ അനുവദിച്ചിരിക്കുന്നു. ഈ സർവീസുകൾ കമ്പനി സ്വന്തം ചെലവിലാണ് നടത്തുന്നതെന്ന് എയർലൈൻ പറഞ്ഞു.
“രാജ്യത്തിന്‍റെ എല്ലാ കോണുകളിലും വൈദ്യസഹായം ലഭ്യമാക്കുന്നത് എത്രത്തോളം ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് ഞങ്ങൾക്കറിയാം, അതിൽ ഒരു പങ്ക് വഹിക്കാൻ തങ്ങളെ അനുവദിച്ചതിൽ നന്ദിയുണ്ട്," ഇൻഡിഗോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ റോനോജോയ് ദത്ത പറഞ്ഞു.
വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെയും മറ്റ് പൗരന്മാരെയും നാട്ടിൽ എത്തിച്ച എയർ ഇന്ത്യയിലെ സഹപ്രവർത്തകരുടെ വീരോചിതമായ പ്രവർത്തനത്തിന് മുമ്പിൽ ഇൻഡിഗോയിലെ ജീവനക്കാർ സല്യൂട്ട് നൽകുന്നതായും അദ്ദേഹം പറഞ്ഞു.