ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനാവിഭാഗങ്ങളുടെ അഭിമാനഘടകങ്ങളാണ് കമാന്‍ഡോ ഡിവിഷനുകള്‍. കരയിലും കടലിലും ആകാശത്തും കഴിവ് തെളിയിച്ച ഇന്ത്യന്‍ കമാന്‍ഡോകള്‍ക്ക് ലോക സൈനിക ഭൂപടത്തില്‍ത്തന്നെ സ്വന്തം ഇടം കണ്ടെത്താനായിട്ടുണ്ട്. കശ്മീരിലെ ഭീകരര്‍ (ധാഡിവാലാ ഫൗജ്) താടിവച്ച പട്ടാളം എന്ന് ഭയപ്പാടോടെ പറയുന്ന നാവികസേനയുടെ മാര്‍ക്കോസ്, അതിര്‍ത്തി കടന്നും ഭീകരരെ അമര്‍ച്ച ചെയ്യുന്ന കരസേനയുടെ പാരാ സ്പെഷ്യല്‍ ഫോഴ്സ്. പറന്നിറങ്ങുന്ന മരണം എന്ന് വിളിപ്പേരുള്ള വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോകള്‍ എന്നിവരാണ് ഇന്ത്യയുടെ പ്രധാന കമാന്‍ഡോ വിഭാഗങ്ങള്‍.
അതിമാരകമായ പ്രഹരശേഷിയും കൃത്യതയും കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച സേനാ കമാന്‍ഡോകളെ സംയോജിപ്പിച്ചു കൊണ്ട് പുതിയ കമാന്‍ഡോ വിഭാഗത്തിന് രൂപം നല്‍കിയിരിക്കുകയാണ് പ്രതിരോധ മന്ത്രാലയം. സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഡിവിഷന്‍ എന്ന് പേരിട്ടിരിക്കുന്ന കമാന്‍ഡോ വിഭാഗത്തിന്‍റെ പരിശീലനം പൂര്‍ത്തിയായി. മെയ് മാസം മുതല്‍ ആരംഭിച്ച പരിശീലനത്തിന് ശേഷം ഗുജറാത്തിലെ നാലിയയില്‍ പാക് അതിര്‍ത്തിയില്‍ നടന്ന സൈനികാഭ്യാസത്തിലും കമാന്‍ഡോകള്‍ പങ്കെടുത്തു. സര്‍ജിക്കല്‍ സ്ട്രൈക്ക് മാതൃകയില്‍ ഭാവിയില്‍ നടത്തേണ്ടിവരുന്ന സൈനിക നീക്കങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു സൈനികാഭ്യാസം. പുതിയതായി രൂപീകരിച്ച സേനാവിഭാഗമായതിനാല്‍ കൂടുതല്‍ അഭ്യാസങ്ങളിലും കമാന്‍ഡോകള്‍ പങ്കെടുക്കും.
കഴിഞ്ഞ മേയിലാണ് എഎഫ്എസ്‌ഒഡി ( ആര്‍മ്ഡ് ഫോഴ്സസ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഡിവിഷന്‍ ) എന്ന പേരില്‍ കമാന്‍ഡോ ഡിവിഷന്‍ രൂപീകരിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിര്‍ണായക ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തുക. ശത്രു സങ്കേതത്തിനകത്ത് നുഴഞ്ഞു കയറി പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുക എന്നിവയാണ് ദൗത്യം. യുദ്ധ സമയത്തും ഇവരുടെ സേവനം സേനക്ക് വലിയ കരുത്ത് പകരും. മൂന്ന് സൈനിക കമാന്‍ഡോ വിഭാഗങ്ങളെയും ഒരു കമാന്‍ഡ് സെന്‍ററിന് കീഴില്‍ കൊണ്ട് വരുമ്പോള്‍ അടിയന്തര സാഹചര്യങ്ങളില്‍ അതിവേഗം വിന്യസിക്കാന്‍ കഴിയും. ഒപ്പം പരിശീലനത്തിനും മറ്റുമുള്ള ചെലവുകളും നിയന്ത്രിക്കാനാകുമെന്നതും നേട്ടമാണ്. 3000 അംഗങ്ങളാവും ആദ്യഘട്ടത്തില്‍ സേനയിലുണ്ടാകുകയെന്നാണ് കരുതുന്നത്. കൃത്യമായ എണ്ണവും മറ്റ് വിവരങ്ങളും അതീവ രഹസ്യമാണ്. മേജര്‍ ജനറല്‍ എകെ ധിന്‍ഗ്രയാണ് കമാന്‍ഡോ സംഘത്തിന്‍റെ തലവന്‍. (ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്) ജിഒസി റാങ്കിലാണ് നിയമനം. മൂന്ന് സേനകളുടെയും സംയോജിത രൂപമായ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫിന്‍റെ കീഴിലാണ് യൂണിറ്റ് പ്രവര്‍ത്തിക്കുക.
സേനാവിഭാഗങ്ങളുടെ ആധുനികവത്കരണം സംബന്ധിച്ച നരേഷ് ചന്ദ്രാ കമ്മീഷന്‍റെ റിപ്പോര്‍ട്ട് പ്രകാരമാണ് എഎഫ്എസ്‌ഒഡിയുടെ രൂപീകരണം. 2012ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 2018ലാണ് യൂണിറ്റ് രൂപീകരിച്ചത്. കമ്മീഷന്‍ നിര്‍ദേശമനുസരിച്ച് സൈബര്‍ സുരക്ഷക്കും ബഹിരാകാശ രംഗത്തും പ്രത്യേകം കമാന്‍ഡുകള്‍ രൂപീകരണഘട്ടത്തിലാണ്. അമേരിക്കയുടെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡില്‍ നിന്നും ഡിവിഷന്‍ രൂപീകരണത്തിന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്.