ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 47,905 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 86,83,917 ആയി ഉയർന്നു. 550 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,28,121 ആയി ഉയരുകയും ചെയ്തു. നിലവിൽ 80,66,502 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 52,718 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 80,66,502 ആയി. ഇന്ത്യയിൽ ഇതുവരെ 12,19,62,509 സാമ്പിളുകൾ പരീക്ഷിച്ചതായി ഐസിഎംആർ അറിയിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, മണിപ്പൂർ, മിസോറം, ത്രിപുര, മേഘാലയ, ഗോവ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ, ആരോഗ്യമന്ത്രിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരുമായി ആശയവിനിമയം നടത്തി. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് 2.6 ശതമാനമാണെന്നും മണിപ്പൂരിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.