ബീജിംങ്: ഇന്ത്യക്കെതിരെ വീണ്ടും ആരോപണവുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇന്ത്യ സൈനികമായി പ്രകോപിപ്പിക്കുകയാണ്. നയതന്ത്ര സൈനിക മേഖലയിൽ ചൈന ചർച്ചകൾ നടത്തുമ്പോൾ ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് പുതിയ പ്രദേശങ്ങളിലെക്കെത്തുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. നേരത്തെ ഇന്ത്യൻ സൈന്യം അതിർത്തി കടന്നതായി ചൈനീസ് സൈനിക വക്താവും ആരോപിച്ചിരുന്നു. പാംഗോംഗ്സോയിൽ ഇന്ത്യൻ അതിർത്തിക്കകത്തുള്ള തന്ത്രപ്രധാന കുന്നുകളിലെല്ലാം ഇന്ത്യൻ സൈന്യം നിലയുറപ്പിച്ച് കഴിഞ്ഞു. ചൈനയുടെ സൈനിക ക്യാമ്പുകളെ അനായാസം ലക്ഷ്യമാക്കാൻ കഴിയും വിധം ഉയരത്തിലാണ് ഇന്ത്യൻ സൈനികർ നിലയുറപ്പിച്ചിരിക്കുന്നത്. ഇത് ചൈനയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഈ മേഖല പിടിച്ചടക്കാൻ ചൈന ശ്രമിക്കുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യൻ സൈന്യം സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ് കമാൻഡോകളെ ഉപയോഗിച്ച് നിയന്ത്രണം ഏറ്റെടുത്തത്.
അതിനിടെ ഇന്ത്യ- ചൈന സൈനികർ തമ്മിൽ സംഘർഷം നിലനിൽക്കുന്ന ലഡാക്കിൽ വെടിവെപ്പുണ്ടാവുകയും ചെയ്തു. അതിർത്തിയിൽ അതിക്രമം നടത്താൻ ശ്രമിച്ച ചൈനീസ് സൈനികർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ വെടിവെച്ചെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. ഇന്ത്യൻ സൈന്യം ഈ അവകാശവാദം നിഷേധിച്ചു.അതേസമയം ഇന്ത്യ പ്രകോപനപരമായി വെടിവെപ്പ് നടത്തിയെന്ന് ചൈനീസ് സൈന്യത്തിന്‍റെ പടിഞ്ഞാറൻ മേഖല വക്താവ് ആരോപിച്ചു. ഓഗസ്റ്റ് അവസാനം ഇന്ത്യയുടെ ഭാഗത്ത് തന്നെയുള്ള ഉയർന്ന പ്രദേശങ്ങളിൽ സൈന്യം നിലയുറപ്പിച്ചിരുന്നു. ചൈനയുടെ സൈനിക ക്യാമ്പുകൾക്ക് കനത്ത ഭീഷണിയുയർത്തുന്ന രീതിയിലായിരുന്നു സൈനിക വിന്യാസം. ഇന്ത്യയുടെ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിന്‍റെ രഹസ്യ ഓപ്പറേഷൻ വഴിയായിരുന്നു ഇത്. ചൈനയ്ക്ക് ഇത് വലിയ തിരിച്ചടിയായിരുന്നു. പ്രദേശത്തെ നിയന്ത്രണം കൈക്കലാക്കാൻ ചൈന ശ്രമിച്ചതിനെ തുടർന്നാണ് ഇന്നലെ വെടിവെപ്പുണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്.