ന്യൂഡൽഹി: ട്രെയിനിന്‍റെ 5,231 എസി ഇതര കോച്ചുകൾ ഐസൊലേഷൻ കോച്ചുകളാക്കി മാറ്റി ഇന്ത്യൻ റെയിൽവെ. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും നീതി ആയോഗും ചേർന്നുള്ള പദ്ധതിയുടെ ഭാഗമായാണ് സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.
പ്രകൃതിദത്തമായ പ്രകാശം ഉപയോഗിച്ച് കോച്ചുകൾ വായു സഞ്ചാരമുള്ളതാക്കണമെന്നും, കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് എസി കോച്ചുകൾ അനുയോജ്യമല്ലെന്നും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും നീതി ആയോഗും നിർദേശിച്ചു. ഉയർന്ന അന്തരീക്ഷ താപനില വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്നും നല്ല വായു സഞ്ചാരം രോഗികൾക്ക് ഗുണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
കൊവിഡ് കെയർ കോച്ചുകളിൽ മിതമായ കൊവിഡ് കേസുകളോ, കൊവിഡ് സംശയമുള്ള രോഗികളെയോ ആണ് പരിഗണിക്കുന്നത്. ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോമിൽ അനുബന്ധ ആരോഗ്യ യൂണിറ്റ് ഒരു അടിയന്തര പുനരുജ്ജീവന സൗകര്യം സ്ഥാപിക്കും. വൈറസ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ ജൂലൈ പകുതിയോടെ ഈ കോച്ചുകൾ ഉപയോഗിക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. വേനൽ സമയത്ത് കോച്ചുകൾക്കുള്ളിൽ ചൂട് വർധിക്കുന്നത് തടയാൻ നിരവധി നടപടികൾ സ്വീകരിക്കുന്നതായി റെയിൽവെ മന്ത്രാലയം അറിയിച്ചു.