ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന് ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചുവരികയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ. സാമ്പത്തിക വളര്‍ച്ചാ പദ്ധതികള്‍ക്ക് ഊര്‍ജം പകരാനുള്ള പുത്തൻ നീക്കങ്ങള്‍ വിശദീകരിക്കാൻ ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമൻ. കൊവിഡ് രോഗികളുടെ എണ്ണം 10 ലക്ഷത്തില്‍ നിന്ന് 4.49 ലക്ഷമായും മരണനിരക്ക് 1.47 ശതമാനമായും കുറഞ്ഞെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പര്‍ച്ചേസിങ് മാനേജേര്‍സ് ഇന്‍ഡക്‌സ് 58.9 ശതമാനമായി ഉയര്‍ന്നുവെന്നും മന്ത്രി പറഞ്ഞു. ഒക്‌ടോബറില്‍ ഇത് 54.6 ശതമാനമായിരുന്നു. അടുത്ത ഒമ്പത് വര്‍ഷങ്ങളില്‍ രാജ്യത്തെ ഉല്‍പ്പാദന മേഖലയില്‍ വൻ വളര്‍ച്ചയുണ്ടാകുമെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും നിര്‍മല സീതാരാമൻ പറഞ്ഞു. രാജ്യത്തെ ഇന്ധന ഉപയോഗം വര്‍ഷം തോറും കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാളും 12 ശതമാനം വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. മേഖലയില്‍ നിന്നുള്ള ജിഎസ്‌ടി വരുമാനം 1.05 ലക്ഷം കോടി രൂപയായി. വിദേശ നിക്ഷേപത്തിലും രാജ്യത്ത് വര്‍ധനവുണ്ടായിട്ടുണ്ട്. എപ്രില്‍ - ഓഗസ്‌റ്റ് മാസങ്ങളില്‍ 35.37 ബില്യണ്‍ ഡോളറിന്‍റെ വിദേശ നിക്ഷേപം ഇന്ത്യയിലേക്കെത്തി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 13 ശതമാനത്തിന്‍റെ വര്‍ധനവാണ് മേഖലയിലുണ്ടായിരിക്കുന്നത്.
2020-21ന്‍റെ മൂന്നാം പാദത്തില്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തി പ്രാപിക്കുമെന്ന് റിസര്‍വ് ബാങ്ക് പ്രവചിച്ചിരുന്നു. സത്യത്തില്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ നേരത്തെയാണ് സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. വഴിയോരക്കച്ചവടക്കാര്‍ക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക വായ്‌പാ പദ്ധതിയിലൂടെ ലോണുകള്‍ അനുവദിച്ചിട്ടുണ്ട്. 26.62 ലക്ഷം അപേക്ഷകളില്‍ 13.78 അപേക്ഷകര്‍ക്ക് ലോണ്‍ നല്‍കി. 1,373.33 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. പ്രധാനമന്ത്രി മത്സ്യ സമ്പാദ്യ പദ്ധതിയിലൂടെ 21 സംസ്ഥാനങ്ങളിലായി 1682.32 കോടി രൂപ ജനങ്ങളിലേക്കെത്തിച്ചു. കര്‍ഷകര്‍ക്കുള്ള വായ്‌പയായി 1,43,262 കോടി രൂപ അനുവദിച്ചു. 11 സംസ്ഥാനങ്ങള്‍ക്കായി പലിശയില്ലാതെ 3621 കോടി രൂപ വായ്‌പ നല്‍കിയിട്ടുണ്ട്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് 1,18,272 കോടി കൈമാറിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു.