തൂത്തുക്കുടി: മന്നാർ ഉൾക്കടലിൽ കുടുങ്ങിയ മൽസ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ തീരസംരക്ഷണ സേന. തീരത്ത് നിന്ന് 48 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തകരാർ സംഭവിക്കുകയായിരുന്നു.
ഒക്ടോബർ ഏഴിന് പുലർച്ചെ അഞ്ച് മണിയോടെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ വൈഭവിന്‍റെ പതിവ് പട്രോളിംഗിനിടെ മത്സ്യബന്ധന ബോട്ടിൽ നിന്ന് സന്ദേശം ലഭിക്കുകയായിരുന്നു. ആറ് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. തകരാറിനെത്തുടർന്ന് എഞ്ചിൻ മുറിയിൽ വെള്ളം കയറിയ നിലയിലാണ് ബോട്ട് ഉണ്ടായിരുന്നത്. മൈൽ മനപ്പാഡ് ബീച്ചിന്‍റെ തെക്ക് കിഴക്കായി 48 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്. സന്ദേശം ലഭിച്ച ദിവസം 10.45 ന് ഐസിജിഎസ് വൈഭവ് തകർന്ന മത്സ്യബന്ധന ബോട്ട് കണ്ടെത്തുകയായിരുന്നു.
ബോട്ടിന്‍റെ കീൽ തകർന്നതോടെ എഞ്ചിൻ മുറിയിൽ വെള്ളം കയറിയതായി കോസ്റ്റ് ഗാർഡ് റെസ്ക്യൂ ടീം പറഞ്ഞു. കപ്പലിന്‍റെ നാശനഷ്ട നിയന്ത്രണ ടീം പോർട്ടബിൾ സബ്‌മെർസിബിൾ പമ്പുകൾ ഉപയോഗിച്ച് വെള്ളം വറ്റിക്കുകയും തകർന്ന ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. അറ്റകുറ്റപ്പണികൾ പൂർത്തിയായ മത്സ്യബന്ധന ബോട്ട് തരുവൈകുളം ഫിഷിങ് ഹാർബറിലേക്ക് മാറ്റി. ഒക്ടോബർ 20 ന് മൂന്ന് മണിയോടെ മത്സ്യബന്ധന ബോട്ടും തൊഴിലാളികളെയും തരുവൈകുളം ഫിഷിങ് ഹാർബറിൽ എത്തിക്കുകയായിരുന്നു.