കിബിത്തു: അരുണാചല്‍ പ്രദേശില്‍ നിന്ന് ഏതാനും ദിവസം മുമ്പ് കാണാതായ അഞ്ച് പേരെ ചൈന തിരിച്ചേല്‍പ്പിച്ചു. ചൈനീസ് ലിബറേഷന്‍ ആര്‍മിയാണ് ഇവരെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറിയത്. അരുണാചലില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയ ചൈനീസ് സൈന്യത്തിന്‍റെ പ്രതിനിധികള്‍ കിബിത്തു ബോര്‍ഡര്‍ പോസ്റ്റില്‍ വച്ചാണ് അഞ്ച് പേരെയും കൈമാറിയത്.
യുവാക്കളെ അരുണാചല്‍ അതിര്‍ത്തിയില്‍ വച്ച് കൈമാറുമെന്ന് ചൈനീസ് പീപ്പിള്‍സ് ആര്‍മി അറിയിച്ചതായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. സെപ്റ്റംബര്‍ ഒന്നു മുതലാണ് അഞ്ച് പേരെ അരുണാചലില്‍ കാണാതായത്. ഇവര്‍ വേട്ടക്കാരാണെന്നും അബദ്ധവശാല്‍ ചൈനീസ് അതിര്‍ത്തിയിലെത്തിയതാണെന്നുമാണ് ഇന്ത്യന്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ അഞ്ച് പേരും പോര്‍ട്ടര്‍മാരാണെന്നാണ് നാട്ടുകാരും കുടുംബവും പറയുന്നത്.
കാണാതായ വിവരം പുറത്തുവന്ന ശേഷം അഞ്ച് പേരും തങ്ങളുടെ കൈവശമുണ്ടെന്ന് ഈ ആഴ്ച ആദ്യം ചൈനീസ് സൈന്യം പ്രസ്താവിച്ചിരുന്നു. 2020 സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ മറുവശത്തേക്ക് കടന്ന സുബാന്‍സിരിയിലെ 5 ഇന്ത്യക്കാരെ കണ്ടെത്തിയതായി സെപ്റ്റംബര്‍ എട്ടിന് ചൈനീസ് സൈന്യം ഹോട്ട്ലൈനില്‍ സ്ഥിരീകരിച്ചു. സൈന്യത്തിന്‍റെ നിരന്തര പരിശ്രമത്തിന്റെ ഭാഗമായാണ് ഇവരെ തിരിച്ചെത്തിക്കാനായത്- കരസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സൈന്യവും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസും നാട്ടുകാരായ പോര്‍ട്ടര്‍മാരെയും ഗൈഡുകളെയും വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള മക്‌മോഹന്‍ ലൈനിനടുത്തുള്ള എല്ലാ തന്ത്രപ്രധാന സ്ഥലങ്ങളിലും സാധനങ്ങള്‍ എത്തിക്കുന്നത് ഇവരാണ്. എന്നാല്‍ ബോര്‍ഡര്‍ പോസ്റ്റുകളില്‍ ചരക്ക് എത്തിച്ച ശേഷം ഇവര്‍ ചിലപ്പോള്‍ കസ്തൂരിമാനുകളെ വേട്ടയാടാനും ഔഷധ സസ്യങ്ങള്‍ ശേഖരിക്കാനും കൂടുതല്‍ ഉയരത്തില്‍ പോകാറുണ്ട്. കസ്തൂരി മാനിനും ഗുംബ എന്ന ഔഷധച്ചെടിക്കും അന്താരാഷ്ട്ര വിപണിയില്‍ വലിയ വിലകിട്ടും. ഇങ്ങനെ പച്ചമരുന്നുകളെ വേട്ടയാടാനോ ശേഖരിക്കാനോ പോകുമ്പോള്‍ അഞ്ചുപേരും വഴിതെറ്റിപ്പോയതാകാമെന്നാണ് കരുതുന്നത്.