ന്യുയോര്‍ക്ക്: യുഎന്‍ സമാധാന ദൗത്യത്തിന്‍റെ ഭാഗമായ ഇന്ത്യന്‍ വനിത സൈനിക ഓഫിസര്‍ക്ക് യു.എന്‍ പുരസ്കാരം. മേജര്‍ സുമന്‍ ഗവാനിയാണ് യുണൈറ്റഡ് നേഷന്‍സ് മിലിട്ടറി ജെന്‍ഡര്‍ അഡ്വക്കേറ്റ് ഓഫ് ദി ഇയര്‍ (2019) പുരസ്‌കാരത്തിന് അര്‍ഹയായത്.
കരസേന സിഗ്നൽ കോർപ്സിനൊപ്പമുള്ള മേജർ സുമൻ ഗവാനിയുടെ പിന്തുണ, മാർഗനിർദേശം, നേതൃത്വം എന്നിവയിലൂടെ യുഎൻ സമാധാന സേനാംഗങ്ങൾക്ക് ലൈംഗിക അതിക്രമങ്ങളെ നേരിടാൻ അന്തരീക്ഷം സൃഷ്ടിച്ചതായി യുഎൻ പ്രഖ്യാപിച്ചു.
ദക്ഷിണ സുഡാനിലെ യുഎൻ മിഷനിൽ സൈനിക നിരീക്ഷകനായി നിയമിക്കപ്പെട്ട ഗവാനി "ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് 230ലധികം യുഎൻ സൈനിക നിരീക്ഷകരെ ഉപദേശിക്കുകയും മിഷന്‍റെ ഓരോ ടീം സൈറ്റുകളിലും വനിതാ സൈനിക നിരീക്ഷകരുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്തു".
ദക്ഷിണ സുഡാനിലെ സർക്കാർ സേനയെ പരിശീലിപ്പിക്കുകയും സംഘർഷവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് കർമപദ്ധതി ആവിഷ്കരിക്കാൻ സഹായിക്കുകയും ചെയ്തു. മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ യുഎൻ മൾട്ടി-ഡൈമെൻഷണൽ ഇന്‍റഗ്രേറ്റഡ് സ്റ്റബിലൈസേഷൻ മിഷനിൽ ജോലി ചെയ്യുന്ന ബ്രസീലിയൻ നാവിക ഉദ്യോഗസ്ഥയായ കമാൻഡർ കാർല മോണ്ടെയ്‌റോ ഡി കാസ്ട്രോ അറൗജോയുമായി ഗവാനി അവാർഡ് പങ്കിടും. യുഎൻ സമാധാന സേനാംഗങ്ങളുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്ന വെള്ളിയാഴ്ച ഗുട്ടെറസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വെച്ച് ഇവര്‍ക്ക് അവാർഡ് കൈമാറും.