ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക് തീവ്രവാദികളെ സൈന്യം തുരത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. കുപ്വാര സെക്ടറില്‍ ജൂലൈ 30നാണ് നുഴഞ്ഞ് കയറ്റ ശ്രമം ഉണ്ടായത്. നിയന്ത്രണ രേഖയുടെ തൊട്ടടുത്ത് വരെ എത്തിയ ഭീകരരെ നേരിടുന്നതിന്‍റെ ഡ്രോണ്‍ ദൃശ്യങ്ങളാണ് സൈന്യം പുറത്ത് വിട്ടത്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരര്‍ സൈന്യം തിരിച്ചടിച്ചതോടെ പിന്‍വാങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. പാക് സൈന്യത്തിന്‍റെ ബോര്‍ഡര്‍ ആക്ഷന്‍ ഫോഴ്സിന്‍റെ പിന്തുണയോടെയാണ് നുഴഞ്ഞ് കയറ്റ ശ്രമം നടന്നത്. പരിശീലനം സിദ്ധിച്ച ഭീകരര്‍ നിയന്ത്രണ രേഖക്ക് അടുത്ത് എത്തിയതായി രഹസ്യാന്വേഷണ മുന്നറിയിപ്പുണ്ടായിരുന്നു. തുടര്‍ന്ന് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഓഗസ്റ്റിലും സമാനമായ രീതിയില്‍ നുഴഞ്ഞു കയറ്റ ശ്രമം സേന പരാജയപ്പെടുത്തിയിരുന്നു. കുപ്വാര സെക്ടറിലെ കേരന്‍ സെക്ടറിലായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. ഇതിന്‍റെ ദൃശ്യങ്ങളും സേന പുറത്ത് വിട്ടിരുന്നു. പാക് സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന ഭീകരരുടെ കൈവശമുളളതിന്‍റെ തെളിവുകളും സേന പുറത്ത് വിടുന്നുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളിലെ പങ്ക് എല്ലാക്കാലവും പാകിസ്ഥാന്‍ നിഷേധിക്കാറുണ്ട്. അതേ സമയം പാക് സൈന്യത്തിന്‍റെ പിന്തുണയോടെയുള്ള നുഴഞ്ഞ് കയറ്റത്തിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് പാകിസ്ഥാനെ പ്രതിരോധത്തിലാക്കുകയാണ് ഇന്ത്യന്‍ സൈന്യം.