ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന 8,000 കോടി രൂപയുടെ മൂന്ന് 'മേക്ക് ഇൻ ഇന്ത്യ' പദ്ധതികൾ ഉപേക്ഷിച്ചു. സ്വിറ്റ്സർലൻഡിൽ നിന്ന് 38 പിലാറ്റസ് അടിസ്ഥാന പരിശീലക വിമാനങ്ങൾ വാങ്ങാനുള്ള പദ്ധതി, ബ്രിട്ടനിൽ നിന്ന് 20 അധിക ഹോക്ക് വിമാനങ്ങൾ വാങ്ങാനുള്ള പദ്ധതി, അമേരിക്കയിൽ നിന്നുള്ള എഞ്ചിനുകൾ ഉപയോഗിച്ച് 80 ജാഗ്വാർ യുദ്ധവിമാനങ്ങൾ നവീകരിക്കാനുള്ള പദ്ധതി എന്നിവയാണ് സേന ഉപേക്ഷിച്ചത്.
പദ്ധതികളെല്ലാം നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും നിരവധി കാരണങ്ങൾ കൊണ്ടാണ് ഒഴിവാക്കിയതെന്ന് വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ അറിയിച്ചു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് എച്ച്ടിടി -40 പരിശീലക വിമാനങ്ങൾ വികസിപ്പിക്കുകയാണ്. അതിനാലാണ് സ്വിറ്റ്‌സർലൻഡിൽ നിന്ന് 1,000 കോടി മുടക്കി അധിക പിലാറ്റസ് ബേസിക് പരിശീലക എയർക്രാഫ്റ്റുകൾ ഏറ്റെടുക്കാനുള്ള പദ്ധതികൾ റദ്ദാക്കിയത്. 70 ഇന്ത്യൻ നിർമിത വിമാനങ്ങൾ വാങ്ങാൻ വ്യോമസേന ഉദ്ദേശിക്കുന്നതായും ബദൗരിയ പറഞ്ഞു. മൂന്ന് നാല് വർഷത്തിലേറെയായി വിമാനങ്ങളുടെ വില സംബന്ധിക്കുന്ന പ്രതിസന്ധി കാരണമാണ് ഹോക്ക് വിമാനങ്ങൾ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ചതെന്നും അദ്ദേഹം അറിയിച്ചു.