ന്യൂഡല്‍ഹി: ഇന്ത്യ 2025 ഓടെ ക്ഷയരോഗം നിര്‍മാര്‍ജന ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി മോദി. ആഗോളതലത്തില്‍ 2030നകമാണെങ്കിലും ഇന്ത്യയില്‍ 2025 ഓടെ ക്ഷയരോഗനിര്‍മാര്‍ജനം ലക്ഷ്യം കൈവരിക്കുന്നതിനായി 24 മണിക്കൂറും ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയുടെ കീഴില്‍ വാക്‌സിനേഷന്‍ നിരക്ക് നാല് മടങ്ങ് വര്‍ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ രാജീവ്‌ഗാന്ധി ആരോഗ്യ സര്‍വകലാശാലയുടെ 25ാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്‌താവന.
അമ്പതിലധികം വ്യത്യസ്‌ത മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരുടെ വിദ്യാഭ്യാസത്തിനായി പുതിയ നിയമം കൊണ്ടുവരും .നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പാരാമെഡിക്കല്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കപ്പെടുമെന്നും അദ്ദേഹം ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. ടെലി മെഡിസിന്‍ മുന്നേറ്റത്തെക്കുറിച്ചും ,ആരോഗ്യമേഖലയില്‍ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെക്കുറിച്ചും അദ്ദേഹം പരിപാടിയില്‍ സംസാരിക്കുകയുണ്ടായി. ആഭ്യന്തര നിര്‍മാതാക്കള്‍ ഒരു കോടി പിപിഇ കിറ്റുകള്‍ നിര്‍മിച്ചതായും കൊവിഡ് പോരാളികള്‍ക്ക് വിതരണം ചെയ്‌തതായും പ്രധാനമന്ത്രി അറിയിച്ചു. മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ കീഴില്‍ 1.2 കോടി എന്‍ 95 മാസ്‌കുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും വിതരണം ചെയ്‌തു. കൂടാതെ 12 കോടി ആളുകള്‍ ഇതുവരെ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തതായും പ്രധാനമന്ത്രി അറിയിച്ചു.