അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ വ്യോമ സേനക്ക് കരുത്ത് പകർന്ന് ഫ്രഞ്ച് നിർമ്മിത റാഫേൽ യുദ്ധ വിമാനങ്ങള്‍ എത്തുന്നു. സെപ്തംബറോടെ റാഫേൽ ഇന്ത്യയുടെ ഭാഗമാകുമെന്ന് എയർ ചീഫ് മാർഷൽ ബിഎസ് ധനോവ പറഞ്ഞു. 36 റാഫേൽ വിമാനങ്ങളാണ് ദസോള്‍ട്ട് ഏവിയേഷനിൽ നിന്നും ഇന്ത്യ വാങ്ങുന്നത്.
എന്തുകൊണ്ട് റാഫേൽ?
അത്യാധുനിക പോർ വിമാനമായ റാഫേലിന് ഇരട്ട എഞ്ചിനാണുളളത്. വ്യോമ നീരീക്ഷണം, ആഴത്തിലുളള സ്ട്രൈക്കുകള്‍ നടത്താനുളള കഴിവ് എന്നിവ റാഫേലിന്‍റെ പ്രത്യേകതയാണ്.
പൂർണമായും ഡിജിറ്റലാണ് റാഫേലിന്‍റെ കോക്പിറ്റ്. കേന്ദ്രീകൃത കമ്പ്യൂട്ടറുകളിലൂടെ മുൻഗണനാ വിവരങ്ങള്‍ പൈലറ്റിന് ലഭ്യമാകും. കുറഞ്ഞ ഉയരത്തിൽ മണിക്കൂറിൽ 1912 കിലോമീറ്ററും കൂടിയ ഉയരത്തിൽ 1390 കിലോമീറ്ററുമാണ് വേഗത. 200 കിലോമീറ്റർ വരെയാണ് സ്കാനിംഗ് പവർ.
ആയുധ ശേഷിയിലും കരുത്തനാണ് റാഫേൽ. 30 mm GIAT 30/M791 ഓട്ടോമാറ്റിക്ക് തോക്കുകള്‍ സ്റ്റാന്‍റേഡ് സെറ്റപ്പായി തന്നെ റാഫേലിൽ ഉണ്ട്. മിസൈൽ ഘടിപ്പിക്കാനും ബാഹ്യ ഇന്ധന ടാങ്കിനുമായി 14 ഹാർഡ്പിന്നുകളാണുളളത്. ആകാശത്തുളള എതിരാളികളെയും ഭൂമിയിലുളള എതിരാളികളെയും ഒരു പോലെ നേരിടാൻ പര്യാപ്തമാണ് എന്നതും ഈ പോർ വിമാനത്തിന്‍റെ സവിശേഷതകളാണ്.
ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിച്ചെത്തുന്ന റാഫേൽ വിമാനങ്ങള്‍ പുതിയ സാഹചര്യത്തിൽ ഏറെ ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.