ലഖ്‌നൗ: കൊവിഡിനെതിരെയുള്ള ഇന്ത്യയുടെ ആദ്യത്തെ വാക്‌സിൻ വർഷാവസാനത്തോടെ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിലാണെന്നും ഈ വർഷം അവസാനത്തോടെ വാക്‌സിൻ ലഭ്യമാക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
എട്ട് മാസത്തെ പോരാട്ടത്തിനൊടുവിൽ ഇന്ത്യയുടെ കൊവിഡ് റിക്കവറി റേറ്റ് 75 ശതമാനമാണ്. 2.2 മില്യൺ ആളുകൾ ഇതിനകം രോഗമുക്തി നേടിയതായും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ പൂനെയിലെ ലബോറട്ടറിയിൽ മാത്രമാണ് കൊവിഡ് പരിശോധന നടത്തിയത്. എന്നാൽ ഇപ്പോൾ രാജ്യത്ത് 1500ഓളം ലാബുകളിൽ കൊവിഡ് പരിശോധന നടത്തുന്നുണ്ടെന്നും വെള്ളിയാഴ്‌ച ഒരു മില്യൺ കൊവിഡ് പരിശോധന നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ രാജ്യത്ത് 63,631 പേരാണ് കൊവിഡിൽ നിന്ന് മുക്തരായത്.