ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയിൽ തുടരാനുള്ള അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത് ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ 148-ാം എക്സിക്യൂട്ടീവ് ബോർഡിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ച ഇന്ത്യൻ ആരോഗ്യ മന്ത്രി ഹർഷവർധനാണ് അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത് സംസാരിച്ചത്.
യുഎസ് പ്രസിഡന്‍റിന്‍റെ ചീഫ് മെഡിക്കൽ ഉപദേഷ്‌ടാവ് ഡോ. ആന്‍റണി ഫൗസി, ബൈഡൻ-ഹാരിസ് ഭരണകൂടത്തെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് ബോർഡിനെ അഭിസംബോധന ചെയ്‌തു. യുഎസ് ലോകാരോഗ്യ സംഘടനയിൽ അംഗമായി തുടരുമെന്നും സഹകരണ കേന്ദ്രങ്ങളിൽ ഉൾപ്പെടെ എല്ലാ തലങ്ങളിലും തുടർച്ചയായ സാങ്കേതിക സഹകരണത്തോടെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
2020 കൊവിഡ് വാക്‌സിൻ കണ്ടെത്തിയ വർഷമാണെങ്കിൽ 2021 വാക്‌സിൻ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട വർഷമാണെന്ന് ഹർഷവർധൻ പറഞ്ഞു. എല്ലാവരും ഒന്നായി നിന്ന് വാക്‌സിൻ സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ തടയാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രതിരോധ കുത്തിവയ്പ്പ് അജണ്ട 2030 ന് ഐക്യകണ്ഠേന നൽകിയ പിന്തുണയിൽ, വാക്‌സിൻ കവറേജ് മെച്ചപ്പെടുത്തുന്നത് തുടരണമെന്നും ഹർഷവർധൻ വ്യക്തമാക്കി.