ന്യൂഡല്‍ഹി: ഇന്ത്യ- യുഎസ് 2+2 മന്ത്രിതല ചര്‍ച്ച നാളെ നടക്കും. ഇന്ത്യയിലെത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്‌പറിനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയ്‌ക്കും സൗത്ത് ബ്ലോക്കില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ ബഹുമതി നല്‍കി സ്വീകരിച്ചു. മന്ത്രിതല ചര്‍ക്ക് മുന്നോടിയായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മാര്‍ക്ക് എസ്‌പെറുമായി കൂടിക്കാഴ്‌ച നടത്തി. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്, കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ, ഇന്ത്യന്‍ വ്യോമസേനാ മേധാവി മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ, നാവികസേന മേധാവി കരംബീര്‍ സിങ് എന്നിവര്‍ കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു.
മൂന്നാം തവണയാണ് ഇന്ത്യ- യുഎസ് 2+2 മന്ത്രിതല ചര്‍ച്ച നടക്കുന്നത്. പ്രാദേശിക സുരക്ഷാ സഹകരണം, പ്രതിരോധ വിവരങ്ങള്‍ പങ്കിടല്‍, ഇരുഭാഗങ്ങള്‍ തമ്മിലുള്ള സൈനിക ഇടപെടല്‍, പ്രതിരോധ വ്യാപാരം എന്നീ നാല് വിഷയങ്ങള്‍ കേന്ദ്രീകരിച്ചാവും ചര്‍ച്ച. ആദ്യത്തെ രണ്ട് മന്ത്രിതല ചര്‍ച്ചകളില്‍ 2018 സെപ്റ്റംബറിൽ ന്യൂഡൽഹിയിലും 2019 ൽ വാഷിങ്‌ണിലുമാണ് നടന്നത്.