ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ പേർ കൊവിഡ് മുക്തരായത് ഇന്ത്യയിലെന്ന് ജോൺസ് ഹോപ്‌കിൻസ് ഡാറ്റ. രാജ്യത്ത് ഇതുവരെ 37,80,107 പേരാണ് കൊവിഡ് മുക്തരായത്. ബ്രസീലിലെ രണ്ടാം സ്ഥാനത്താക്കിയാണ് ഇന്ത്യ കൊവിഡ് മുക്തരായവരുടെ പട്ടികയിൽ ഒന്നാമതെത്തിയത്. ലോകത്ത് ഇതുവരെ 19,625,959 പേരാണ് കൊവിഡ് മുക്തി നേടിയത്. ബ്രസീലിൽ ഇതുവരെ 37,23,206 പേരും യുഎസിൽ 24,51,406 പേരുമാണ് കൊവിഡ് മുക്തരായത്.
ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ലോകത്ത് 29,006,033 കൊവിഡ് ബാധിതരാണുള്ളതെന്നും 9,24,105 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ കൊവിഡ് മുക്തരാകുന്നവരുടെ നിരക്ക് 78 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 24 മണിക്കൂറിൽ 77,512 പേരാണ് കൊവിഡ് മുക്തരായത്. കൊവിഡ് മുക്തരായവരുടെയും സജീവ കൊവിഡ് രോഗികളുടെയും തമ്മിലുള്ള വ്യത്യാസം ദിനം പ്രതി വർധിക്കുകയാണെന്നും ഈ വ്യത്യാസം നിലവിൽ 28 ലക്ഷമായെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ആകെ കൊവിഡ് മുക്തരായവരിലെ 60 ശതമാനവും മഹാരാഷ്‌ട്ര, കർണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ നിലവിൽ 9,86,598 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.