ന്യൂഡൽഹി: ഫ്രഞ്ച് നിർമാതാക്കളായ ഡസ്സോൾട്ട് ഏവിയേഷനിൽ നിന്ന് ഇന്ത്യക്ക് ആദ്യ റാഫേൽ യുദ്ധവിമാനം ഒക്ടോബർ എട്ടിന് കൈമാറുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘവും ആദ്യ വിമാനം സ്വീകരിക്കുന്നതിനായി ഫ്രാൻസിലേക്ക് പോകും.
റഫേല്‍ വ്യോമാക്രമണ പരിശീലനത്തിനുള്ള കരാര്‍ ഒപ്പുവെക്കുന്നതിനായി ഇന്ത്യന്‍ വ്യോമസേനസംഘവും ഫ്രാന്‍സിലേക്ക് തിരിക്കുന്നുണ്ട്. 2020 മെയ് വരെ 24 പേരടങ്ങുന്ന സംഘത്തെ ഫ്രാന്‍സിലയച്ച് പരിശീലനം നേടാനാണ് ഉദ്ദേശിക്കുന്നത്. സെപ്റ്റംബർ അവസാന വാരത്തിൽ ആദ്യത്തെ റാഫേൽ വിമാനം ഇന്ത്യക്ക് ലഭിക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ.
തന്ത്രപ്രധാനമായ വ്യോമസേനാ താവളമായ അംബാല എയർഫോഴ്‌സ് സ്റ്റേഷനിൽ റാഫേൽ വിമാനത്തിന്‍റെ ആദ്യ സ്ക്വാഡ്രൺ നിലയുറപ്പിക്കും. രണ്ടാം ബാച്ച് പശ്ചിമ ബംഗാളിലെ ഹസിമര താവളത്തിൽ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള അതിർത്തിക്ക് സമീപം വിന്യസിക്കും. റാഫേൽ ജെറ്റുകൾ ഉൾപ്പെടുത്തുന്നതിനായി രണ്ട് വ്യോമതാവളങ്ങൾ നവീകരിക്കാൻ 400 കോടിയിലധികം രൂപ അനുവദിച്ചതായും റിപ്പോർട്ടുകളുണ്ട്.
നൂതന ആയുധങ്ങളുള്ള, നാലാം തലമുറ, മൾട്ടിറോൾ വിമാനമാണ് റാഫേൽ. ഇസ്രായേലി ഹെൽമെറ്റ് ഘടിപ്പിച്ച ഡിസ്പ്ലേകൾ, റഡാർ മുന്നറിയിപ്പ് റിസീവറുകൾ, ലോ ബാൻഡ് ജാമറുകൾ, 10 മണിക്കൂർ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡിംഗ്, ഇൻഫ്രാ-റെഡ് സെർച്ച്, ട്രാക്കിംഗ് സിസ്റ്റങ്ങൾ എന്നിവ വിമാനത്തിൽ ഉണ്ടാകും.