ന്യൂഡല്‍ഹി: ജമ്മു-കശ്മീർ അതിർത്തിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ പാക് പ്രകോപനത്തെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം. അതേസമയം, അഞ്ച് ഇന്ത്യന്‍ സൈനികർ കൊല്ലപ്പെട്ടുവെന്ന പാകിസ്ഥാന്‍ സൈന്യത്തിന്‍റെ അവകാശവാദം ഇന്ത്യന്‍ സൈന്യം തള്ളിക്കളഞ്ഞു. പാകിസ്ഥാന്‍റെ അവകാശവാദം കെട്ടിച്ചമച്ചതാണെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഉറി, റജോറി മേഖലയില്‍ പാക് സൈന്യം ഇപ്പോഴും വെടിനിർത്തല്‍ കരാർ ലംഘിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് പാകിസ്ഥാന്‍ ജമ്മു കശ്മീരിലെ അതിർത്തി മേഖലയില്‍ സേനാവിന്യാസം വർധിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും അതിർത്തിയില്‍ കൂടുതല്‍ ജാഗ്രത പുലർത്തുന്നുണ്ടെന്നും ഇന്ത്യയുടെ ഉന്നത സൈനികോദ്യോഗസ്ഥർ വ്യക്തമാക്കി.