ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സയും സെപ്റ്റംബർ 26 ന് വെർച്വൽ ഉഭയകക്ഷി ഉച്ചകോടി നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശ്രീലങ്കയിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന ഈ ഉച്ചകോടി ഉഭയകക്ഷി ബന്ധത്തെ അവലോകനം ചെയ്യാനുള്ള അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അതേ ദിവസം തന്നെ നരേന്ദ്രമോദി ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യും. കൊവിഡ് സമയത്ത് മറ്റ് രാജ്യങ്ങളെ സഹായിക്കാനായി ഇന്ത്യ എങ്ങനെയാണ് എത്തിച്ചേർന്നതെന്ന് ഐക്യരാഷ്ട്രസഭയില്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടും. കഴിഞ്ഞയാഴ്ച ശ്രീലങ്കൻ രാഷ്‌ട്രപതി ഗോതബയ രാജപക്സും പ്രധാനമന്ത്രി മഹീന്ദ രാജപക്സും ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ അറിയിക്കുകയും ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ശക്തമായ ആഗ്രഹവും പ്രതിബദ്ധതയും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇരു നേതാക്കൾക്കും ഊഷ്‌മളമായ ആശംസകൾ അറിയിച്ച മോദി, ഇന്ത്യയുടെ അയൽപക്ക പ്രഥമനയത്തിന് അനുസൃതമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ വ്യാപിപ്പിക്കുന്നതിന് അവരുമായി പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തു. അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ആഗ്രഹം ശ്രീലങ്കൻ നേതാക്കളും പ്രകടിപ്പിച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ലഭിച്ച സഹകരണം ഉൾപ്പെടെയുള്ള ഉഭയകക്ഷി സഹകരണത്തെ അവർ അഭിനന്ദിക്കുകയും ചെയ്തു.