ബെംഗളൂരു: ഇന്ത്യൻ ഉപഗ്രഹമായ കാർട്ടോസാറ്റ് -2 എഫും റഷ്യയുടെ കനോപ്പസ്-വിയും ഭൂമിയുടെ ഭ്രമണപഥത്തിൽ അപകടകരമായ വിധത്തിൽ അടുക്കുന്നതായി റിപ്പോർട്ട്. കാർട്ടോസാറ്റിൽ നിന്ന് നിലവിൽ 224 മീറ്റർ അകലം മാത്രമാണ് കാനോപ്പസ്-വിയ്ക്കുള്ളത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ഇന്ത്യയുടെ 700 കിലോഗ്രാമിലധികം ഭാരം വരുന്ന കാർട്ടോസാറ്റ് -2 എഫ് ഉപഗ്രഹം റഷ്യൻ കനോപ്പസ്-വി ബഹിരാകാശ പേടകത്തെ സമീപിക്കുന്നതായി റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്മോസ് നവംബർ 27ന് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഉപഗ്രഹങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉപഗ്രഹങ്ങള്‍ തമ്മില്‍ 150 മീറ്റര്‍ അകലത്തില്‍ വന്നാല്‍ മാത്രമേ വിദഗ്ധ നടപടി എടുക്കേണ്ടതുള്ളൂവെന്നും ഐഎസ്ആർഒ വൃത്തങ്ങൾ പറഞ്ഞു.